
മാതാപിതാക്കൾ ആരെന്നറിയാത്ത കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പരിചരണം, ചുമതല, പരിപാലനം എന്നിവ ഉൾപ്പെടുത്തി യുഎഇ പുതിയ നിയമം പാസാക്കി. കുട്ടികളുടെ അവകാശങ്ങൾ, വ്യക്തിത്വം, താൽപര്യങ്ങൾ, സ്വകാര്യത എന്നിവ സംരക്ഷിക്കുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് പുതിയ ചട്ടങ്ങൾ.
യുഎഇയിൽ താമസിക്കുന്ന സ്വദേശി-വിദേശി കുടുംബങ്ങൾക്ക് നിബന്ധനകൾക്കു വിധേയമായി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി നൽകുന്നു. താൽപര്യമുള്ള 25 വയസ്സ് പൂർത്തിയായ ദമ്പതികൾ ഇരുവരും ചേർന്ന് അപേക്ഷ നൽകണം. 30 വയസ്സ് പൂർത്തിയായ സാമ്പത്തിക ശേഷിയുള്ള അവിവാഹിതരായ സ്ത്രീകൾക്കും കുട്ടികളെ സംരക്ഷിക്കാൻ അനുമതിയുണ്ട്.
കുട്ടിക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഇതിന് അനുമതി നൽകൂ. കുട്ടികളെ ഏറ്റെടുത്ത കുടുംബങ്ങളെയും സ്ത്രീകളെയും പ്രത്യേക സമിതി കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. കസ്റ്റഡി വ്യവസ്ഥകൾ ലംഘിച്ചാൽ കുട്ടിയെ തിരിച്ചെടുത്ത് മറ്റു കുടുംബങ്ങൾക്ക് നൽകും. ഗുരുതരമല്ലാത്ത നിയമലംഘനമാണെങ്കിൽ തിരുത്താൻ അവസരം നൽകും.
കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക പിന്തുണ തുടങ്ങി എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്ന കുടുംബത്തിനായിരിക്കും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത പുതിയ നിയമം അടിവരയിടുന്നു. സാമൂഹിക ഉത്തരവാദിത്തത്തിൽ വനിതകളുടെ പങ്ക് പ്രോത്സാഹിപ്പിക്കാനും നിയമം ലക്ഷ്യമിടുന്നു.