ublnews.com

ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസ്; ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവിടാൻ എൻഎംസിക്ക് അനുമതി

എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ കർണാടക സ്വദേശി ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ഓഫ് ബറോഡയുടെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവിടാൻ എൻഎംസിക്ക് അനുമതി നൽകി അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) കോടതിയുടെ സുപ്രധാന വിധി.

എൻഎംസി ഹെൽത്ത് കെയറിനും അതിന്റെ അഡ്മിനിസ്ട്രേറ്റർമാർക്കും കേസിന്റെ നടത്തിപ്പിന് ഏറെ സഹായകമാകുന്നതാണ് ഈ കോടതി വിധി. യുഎഇയുടെ 2025ലെ പുതിയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം കോടതിയുടെ ഉത്തരവുണ്ടെങ്കിൽ ബാങ്കുകൾക്ക് ഇത്തരം അതീവ രഹസ്യമുള്ള രേഖകൾ സിവിൽ കേസുകളിൽ പങ്കുവയ്ക്കാമെന്ന് ജസ്റ്റിസ് സർ ആൻഡ്രൂ സ്മിത്ത് നവംബർ 26-ലെ വിധിന്യായത്തിൽ വ്യക്തമാക്കി.

ബി.ആർ. ഷെട്ടി, മുൻ സിഇഒ പ്രശാന്ത് മങ്ങാട്ട്, ബാങ്ക് ഓഫ് ബറോഡ എന്നിവർക്കെതിരെ എൻഎംസി നൽകിയ കേസിലെ നിർണായക ഘട്ടമാണിത്. വൻ തട്ടിപ്പിനും സാമ്പത്തിക ക്രമക്കേടുകൾക്കും ഇരയായതാണ് എൻഎംസിയുടെ തകർച്ചയ്ക്കും അഡ്മിനിസ്ട്രേഷനിലായതിനും കാരണമായതെന്ന് ഹർജിയിൽ പറയുന്നു.

രാജ്യത്തെ മുൻനിര ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ, എൻഎംസി തകർച്ചയ്ക്ക് കാരണമായ തർക്കപരമായ ഇടപാടുകളിൽ പങ്കാളിയായി എന്ന് എൻഎംസി ആരോപിക്കുന്നു. ബാങ്കിന് എന്തറിയാമായിരുന്നു, എപ്പോൾ അറിയാമായിരുന്നു, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയന്ത്രണങ്ങളിലൂടെ ബാങ്ക് എങ്ങനെ പ്രതികരിച്ചു എന്നെല്ലാം ഇപ്പോൾ അഡ്മിനിസ്ട്രേഷനിലുള്ള എൻഎംസിക്ക് പരിശോധിക്കാനാകും.

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം (എഎംഎൽ), ഒരു അക്കൗണ്ടിലെ ഫണ്ട് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയാൽ യുഎഇയിലെ ബാങ്കുകൾ ‘സംശയാസ്പദമായ ഇടപാട് റിപ്പോർട്ട്’ (എസ് ടിആർ) ഫയൽ ചെയ്യണം. ഈ റിപ്പോർട്ടുകൾ യുഎഇയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് കൈമാറുകയും അന്വേഷണങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

എൻഎം.യുമായി ബന്ധപ്പെട്ട എല്ലാ എസ് ടിആർ, ബാങ്കിനുള്ളിൽ തയ്യാറാക്കിയ ആഭ്യന്തര എഎംഎൽ “ഇന്റേണൽ റിപ്പോർട്ടുകൾ”, ഉദ്യോഗസ്ഥർ പ്രശ്‌നമുയർത്തുകയും എന്നാൽ എസ് ടിആർ ഫയൽ ചെയ്യേണ്ടതില്ലെന്ന് ബാങ്ക് തീരുമാനിക്കുകയും ചെയ്ത “നോ-എസ്ടിആർ തീരുമാനങ്ങൾ (കാരണങ്ങൾ സഹിതം) എന്നീ രേഖകൾ കൈമാറാനാണ് ബാങ്ക് ഓഫ് ബറോഡ എൻഎംസി ആവശ്യപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top