
ട്രാം സർവിസുകളെ തടസ്സപ്പെടുത്തുന്ന തരത്തിൽ ട്രാം സിഗ്നലുകൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് അറിയിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). തിങ്കളാഴ്ചയാണ് ആർടിഎ ഇക്കാര്യം അറിയിച്ചത്.
നഗരത്തിലെ ട്രാം ട്രാക്കുകൾക്ക് സമീപമുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുന്നവർ ഏറ്റവും ശ്രദ്ധയോടെ വേണം ഡ്രൈവ് ചെയ്യാൻ എന്ന് RTA നിർദേശിച്ചു. ട്രാം സിഗ്നലുകൾ അവഗണിക്കുക, ട്രാം ട്രാക്കുകളിലേക്ക് അനുമതിയില്ലാതെ വാഹനങ്ങൾ കടത്തുക തുടങ്ങിയ ഡ്രൈവിംഗ് രീതികൾ ട്രാം സർവിസുകളെ തടസ്സപ്പെടുത്തുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് RTA വ്യക്തമാക്കി.
ട്രാം ട്രാക്കുകളിൽ തടസ്സം സൃഷ്ടിക്കുന്നവർ കർശനമായ നിയമനടപടികളും ഉയർന്ന പിഴയും നേരിടേണ്ടിവരും. ട്രാം ട്രാക്കുകൾ തടസ്സപ്പെടുത്തുക, അനുവാദമില്ലാത്ത മേഖലകളിലേക്ക് പ്രവേശിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ ട്രാം ട്രാക്കുകൾ മുറിച്ചുകടക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 1000 ദിർഹം പിഴ ഈടാക്കും.
ട്രാം സർവിസുകളുടെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് 2000 ദിർഹം പിഴ ഈടാക്കും. ട്രാം ട്രെയിനുകളുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തും. ട്രാം ട്രാക്കുകളിൽ മാലിന്യം വലിച്ചെറിയുന്നവർ 500 ദിർഹം പിഴ നൽകേണ്ടിവരും.