
യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയത്തിൽ മാറ്റം വരുത്താൻ പൊതു ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ്, സകാത്ത് അതോറിറ്റി (ഔഖാഫ്) തീരുമാനിച്ചു. 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ ഖുതുബയും (പ്രസംഗം) നമസ്കാരവും ഉച്ചയ്ക്ക് 12.45ന് നടക്കും. നിലവിൽ യുഎഇയിൽ പൊതുവായി 1.15നാണ് ജുമുഅ നടക്കുന്നത്. ഏകദേശം അര മണിക്കൂർ നേരത്തെയാണ് പുതിയ സമയക്രമം.
പുതിയ സമയക്രമം പാലിച്ച് വിശ്വാസികൾ നേരത്തെ പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഔഖാഫിന്റെ വെള്ളിയാഴ്ച പ്രസംഗ ആർക്കൈവ് പേജിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് അടിയന്തര സന്ദേശമായി പ്രത്യക്ഷപ്പെട്ടത്. ‘വിശ്വാസികളെ, 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ ഖുതുബ പ്രസംഗവും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് നടക്കുമെന്ന് പൊതു ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ്, സകാത്ത് അതോറിറ്റി അറിയിക്കുന്നു. അതിനാൽ, പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കാൻ വിശ്വാസികൾ കൃത്യസമയത്ത് പ്രാർഥന നിർവഹിക്കാൻ ശ്രദ്ധിക്കുക’ എന്നായിരുന്നു സന്ദേശം.
∙ ഷാർജയിൽ നിലവിലെ വെള്ളിയാഴ്ച പ്രാർഥനാ സമയം ഉച്ചയ്ക്ക് 12.20
2022ൽ യുഎഇയിലെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പ്രാർഥനാ സമയം 1.15ലേക്ക് ഏകീകരിച്ചത്. അന്ന് വാരാന്ത്യം വെള്ളി-ശനി ദിവസങ്ങളിൽ നിന്നും ശനി-ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ ഹാഫ് ഡേ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ചില കമ്പനികൾ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും പ്രാർഥനയിൽ പങ്കെടുക്കാൻ ഉച്ചയ്ക്ക് അവധിയെടുക്കാനും അനുവദിച്ചിരുന്നു.