
ദുബൈ പൊലിസും ഷാർജ പൊലിസും അറസ്റ്റ് ചെയ്ത രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി. യുഎഇ കോടതികളും നീതിന്യായ മന്ത്രാലയവും കൈമാറ്റം അംഗീകരിച്ചു. ബെൽജിയം പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.
ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ബെൽജിയത്തിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്കെതിരെ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തും അപകടകരമായ സംഘടിത കുറ്റവാളി സംഘത്തിൽ പങ്കാളിത്തവും ആരോപിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ വ്യക്തിക്കെതിരെ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റാരോപണങ്ങളാണ് ഉള്ളത്.
ഈ കൈമാറ്റം യുഎഇയുടെ അന്താരാഷ്ട്ര നിയമ സഹകരണത്തിനുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു. സംഘടിതവും അതിർത്തി കടന്നുള്ളതുമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ രാജ്യത്തിന്റെ സജീവ പങ്കാളിത്തം ഇതിലൂടെ ശക്തിപ്പെടുത്തുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഗോള നിയമ നിർവഹണ പങ്കാളിത്തം ശക്തമാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സുരക്ഷാ വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള യുഎഇയുടെ അർപ്പണബോധവും ഈ നടപടി പ്രതിഫലിപ്പിക്കുന്നു