
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളിലെ ആശയക്കുഴപ്പങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമായേക്കും. നിലവിലെ കസ്റ്റംസ് നിയമങ്ങൾ പൂർണമായി പൊളിച്ചെഴുതാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കാനുള്ള നീക്കമാണിത്.
യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന നീക്കം. വിമാനത്താവളങ്ങളിലെ കസ്റ്റംസ് നടപടിക്രമങ്ങൾ പാലിക്കാൻ ആളുകൾക്ക് ‘അമിതമായി മടുപ്പുളവാക്കുന്നതും ദുഷ്കരവും’ അല്ലാതാക്കി ലളിതമാക്കേണ്ടതുണ്ടെന്ന് ധനമന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് പത്രം സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.
പ്രത്യേകിച്ച് യുഎഇയിലെ പ്രവാസികൾക്കിടയിൽ നിലവിലെ നികുതി രഹിത സ്വർണാഭരണ പരിധി കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്. 2016-ൽ നിശ്ചയിച്ച ഈ പരിധി ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളതല്ലെന്നാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഇതുസംബന്ധിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മന്ത്രി നിർമല സീതാരാമന് നിവേദനം നൽകിയിരുന്നു.
ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു.
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.