
പുതുവർഷാഘോഷം അവിസ്മരണീയമാക്കാൻ ലോക റെക്കോർഡ് വെടിക്കെട്ടുമായി അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. 62 മിനിറ്റ് ദൈർഘ്യമേറിയ വെടിക്കെട്ടും 6500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോയുമായും ഒരുക്കി 2026ന്റെ ആദ്യ നിമിഷത്തിൽതന്നെ ലോക റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ചിട്ടായിരിക്കും ഉത്സവ നഗരി പുതുവർഷത്തെ സ്വാഗതം ചെയ്യുക. വൈകിട്ട് ആരംഭിക്കുന്ന കലാവിരുന്ന് പുലരുവോളം തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് പുതുവർഷാഘോഷത്തിലേക്കു പ്രതീക്ഷിക്കുന്നത്.
5 ഘട്ടങ്ങളിലായി നടക്കുന്ന വിനോദ പരിപാടികൾ രാത്രി 8ന് ആരംഭിക്കും. രാത്രി 12ന് ആരംഭിക്കുന്ന വെടിക്കെട്ട് ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിൽക്കും. ഈ പ്രകടനത്തിലൂടെ 5 ഗിന്നസ് റെക്കോർഡുകൾ ഭേദിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
പുതുവർഷപ്പുലരിയുടെ 20 മിനിറ്റ് മുൻപ് നടക്കുന്ന ഡ്രോൺ ഷോയിലൂടെയായിരിക്കും കൗണ്ട് ഡൗൺ ആരംഭിക്കുക. 6500 ഡ്രോണുകൾ യുഎഇയുടെ സംസ്കാരവും പൈതൃകവും ചരിത്രവുമെല്ലാം അൽവത്ബയുടെ ആകാശത്ത് വരച്ചിട്ട് കാണികളെ വിസ്മയിപ്പിക്കും. രാജ്യാന്തര കലാകാരന്മാർ അണിനിരക്കുന്ന കലാവിരുന്നുകളുമുണ്ടാകും. തിരക്ക് മുന്നിൽകണ്ട് എൻട്രി, എക്സിറ്റ് ഗേറ്റുകളുടെ എണ്ണവും സുരക്ഷയും വർധിപ്പിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.