ublnews.com

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി ; മൊറോക്കൻ യുവതി ഫുജൈറയിൽ അറസ്റ്റ് ചെയ്തു

യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ വാൾ (തൽവാർ) വീശിയ മൊറോക്കൻ യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഫിഖൈത്തിൽ നടന്ന ആഘോഷങ്ങൾക്കിടെയുള്ള ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് 23-കാരിയായ യുവതി പൊലീസ് പിടിയിലായത്.

അപകടകരവും അനുചിതവുമായ ഈ പ്രവൃത്തി സാമൂഹിക നിയമങ്ങളുടെയും രാജ്യത്തെ നിയമ വ്യവസ്ഥയുടെയും ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. യുവതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ പങ്കെടുത്ത ഏഷ്യൻ പൗരന്മാരിൽ ഒരാൾക്ക് വാൾകൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പെരുമാറ്റങ്ങൾ പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ദേശീയ ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതോ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ നിയമലംഘനങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.

നിയമം ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് സേന ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫുജൈറ പൊലീസ് ഡെപ്യൂട്ടി ജനറൽ കമാൻഡർ ബ്രി. മുഹമ്മദ് ബിൻ നയിഫ് അൽ തിനൈജി പറഞ്ഞു. സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദേശീയ ആഘോഷവേളകളിൽ യുഎഇയുടെ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് ഈ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top