
യുഎഇയിലെ പ്രശസ്ത വ്ലോഗറും സമൂഹമാധ്യമ താരവുമായ ഖാലിദ് അൽ അമേരി, സുനൈനയുമായുള്ള തന്റെ പ്രണയം ലോകത്തോട് തുറന്നു പറഞ്ഞു. ഒരു ഹൃദയസ്പർശിയായ പിറന്നാൾ പോസ്റ്റിലൂടെ പങ്കുവച്ച, കണ്ണാടി സെൽഫിയിൽ കൈ കോർത്തുപിടിച്ചു നിൽക്കുന്ന ഇരുവരുടെയും ചിത്രമാണ് ഈ അഭ്യൂഹങ്ങൾക്ക് തിരശ്ശീലയിട്ടത്. ഇതോടെ സുനൈന അറബ് ലോകത്തെ പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടി.
വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ അഭിനയമികവുകൊണ്ട് ശ്രദ്ധ നേടിയ 36 വയസ്സുകാരിയായ സുനൈനയുടെ സ്വകാര്യ ജീവിതം എപ്പോഴും ആരാധകർക്ക് ഒരു കൗതുകമായിരുന്നു. ഖാലിദ് അൽ അമേരിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവച്ച മനോഹരമായ ചിത്രങ്ങളാണ് ഈ ആകാംക്ഷയ്ക്ക് മറുപടി നൽകിയത്. പരസ്പരം കൈ കോർത്ത്, ക്യാമറയിലേക്ക് നോക്കി ചിരിക്കുന്ന ഇരുവരുടെയും കണ്ണാടി സെൽഫി ചിത്രം ഖാലിദ് പങ്കുവച്ചത് ‘മനോഹരമായ പിറന്നാളിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ്.
ഈ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഒരു വർഷം മുൻപ് തന്നെ തുടങ്ങിയതാണ്. 2024 ജൂണിൽ സുനൈന ഒരാളുടെ കൈയ്യിൽ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചതിനും പിന്നാലെ ഖാലിദ് മോതിരം ധരിച്ച കൈകൾ കോർത്തുപിടിച്ചുള്ള ചിത്രം ‘അൽഹംദുലില്ലാഹ്'(ദൈവത്തിന് നന്ദി) എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തതിനും ശേഷമാണ് പ്രണയ ചർച്ചകൾക്ക് ചൂടുപിടിച്ചത്. അഭ്യൂഹങ്ങൾക്കൊടുവിൽ, ഞാൻ സന്തോഷത്തോടെ വിവാഹ നിശ്ചയം കഴിഞ്ഞ വ്യക്തിയാണ് എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന് സുനൈന സമൂഹമാധ്യമത്തിൽ കുറിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.