
ആഗോള സുരക്ഷ ഉറപ്പാക്കുന്നതിലും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെ പോരാടുന്നതിലും യുഎഇയുടെ പങ്ക് ശക്തിപ്പെടുത്തുന്നത് തുടരുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി മാർകോ ഡോർഡെവിച്ച് എന്ന ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തതോടെ, ‘വ്രാചാർസി ക്ലാൻ’, ‘വിച്ച്ക്രാഫ്റ്റേഴ്സ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന, ഏറ്റവും കുപ്രസിദ്ധമായ അതിർത്തി കടന്നുള്ള ക്രിമിനൽ സംഘങ്ങളിലൊന്നിനെ തകർക്കാനുള്ള ആഗോള നീക്കത്തെ ദുബായ് പൊലീസ് സഹായിച്ചുവെന്ന് അധികൃതർ അറിയിച്ചു.
യൂറോപോളുമായി അടുത്ത ഏകോപനത്തിലും സെർബിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെയും സ്പാനിഷ് നാഷനൽ പൊലീസിന്റെയും സഹകരണത്തോടെയും നടത്തിയ ‘ഹാരിസ്’ എന്ന രാജ്യാന്തര ഓപ്പറേഷനിലൂടെയാണ് ഇത് സാധിച്ചത്. ആഭ്യന്തര മന്ത്രാലയവുമായും ദുബായ് പബ്ലിക് പ്രോസിക്യൂഷനുമായും പൂർണമായ ഏകോപനത്തോടെയും, എല്ലാ അംഗീകൃത നിയമ നടപടിക്രമങ്ങൾക്കുമനുസൃതമായുമാണ് മാർകോ ഡോർഡെവിച്ചിനെ അറസ്റ്റ് ചെയ്തതെന്ന് ദുബായ് പൊലീസ് വിശദീകരിച്ചു. സംഘടിത കുറ്റകൃത്യങ്ങളും ഭീകരതയും ചെറുക്കാനുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ ഇന്റർപോൾ ഓഫിസ് വഴി റെഡ് നോട്ടിസ് ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ബാൾക്കനിലെ കവാച്, സ്കൽജാരി വംശങ്ങൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളെക്കുറിച്ച് സെർബിയൻ അധികാരികളാണ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നത്. 2014 മുതൽ ഈ സംഘർഷങ്ങൾ നിരവധി രാജ്യങ്ങളിലായി അറുപതോളം കൊലപാതകങ്ങൾ, തീവയ്പ് ആക്രമണങ്ങൾ, സ്ഫോടനങ്ങൾ എന്നിവയിൽ കലാശിച്ചിരുന്നു. 2025 ഒക്ടോബർ 16-ന് സെൻട്രൽ ബെൽഗ്രേഡിൽ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനിടെ, കവാച് ഗ്രൂപ്പുമായി ബന്ധമുള്ള വ്രാചാർസി വംശത്തിന്റെ നേതാവായ മാർകോ ഡോർഡെവിച്ചാണ് മുഖ്യ സൂത്രധാരനെന്ന് സെർബിയൻ അധികാരികൾ തിരിച്ചറിഞ്ഞു. റെഡ് നോട്ടിസ് പ്രകാരം രാജ്യാന്തര തലത്തിൽ തിരയുന്നയാളായിരുന്നു നേരത്തെ ദുബായിൽ താമസിച്ചിരുന്ന ഇയാൾ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അംഗീകൃത നിയമ ചട്ടക്കൂടുകൾക്കനുസൃതമായി ദുബായ് പോലീസ് രാജ്യാന്തര സഹകരണ നടപടിക്രമങ്ങൾ ആരംഭിച്ചു. ഇത് പ്രധാന പ്രതിയായ മാർകോ ഡോർഡെവിച്ചിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചു. രാജ്യാന്തര പ്രവർത്തനത്തിന്റെ വിജയത്തിലും ക്രിമിനൽ സംഘത്തിന്റെ നേതൃഘടന തകർക്കുന്നതിലും ഇത് നിർണായക ചുവടുവയ്പ്പായി.