
എക്കോ സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ദിൻജിത് അയ്യത്താൾ. ദുബായിൽ സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങിലായിരുന്നു പ്രതികരണം. സിനിമയ്ക്ക് വലിയ പ്രചാരണം നൽകാത്തത് ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരിലെത്തി വിജയിക്കട്ടെ എന്ന് നിർമാതാവ് എടുത്ത ധീരമായ തീരുമാനപ്രകാരമാണെന്നും സംവിധായകൻ പറഞ്ഞു. മുൻചിത്രമായ കിഷ്കിന്ദാ കാണ്ഡവും ഇതുപോലെയാണ് വലിയ പ്രചാരണമില്ലാതെ വിജയം വരിച്ചത്. എക്കോയുടെ തിരക്കഥ ആദ്യം വായിക്കുമ്പോൾ ഏതൊരു പ്രേക്ഷകനെയും പോലെ തനിക്കും വലിയ ആകാംക്ഷ തോന്നിയിരുന്നതായും സംവിധായകൻ പറഞ്ഞു.
അഭിനേതാക്കളിൽ അശോകനെ മാത്രമായിരുന്നു ആദ്യം തന്നെ തീരുമാനിച്ചത്. മ്ലാത്തിച്ചേടത്തി, സോയി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ കണ്ടെത്തുകയായിരുന്നു വെല്ലുവിളി. അഭിനയത്തിൽ മുൻപരിചയമില്ലാത്ത രണ്ടുപേരെ ഓഡിഷനിലൂടെ മേഘാലയയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എല്ലാ അഭിനേതാക്കളും ഏറ്റവും അനുയോജ്യമായവർ തന്നെയാണെന്ന് ചിത്രം കണ്ടവർ പറയുമ്പോൾ സന്തോഷമുണ്ടെന്നും ദിൻജിത് പറഞ്ഞു.

ഒരു പസ്സിലിന് ഉത്തരം കണ്ടെത്തുന്നതുപോലെയായിരുന്നു അതിലെ ഓരോ സംഭവങ്ങളും മുന്നോട്ടുപോയത്. ഇതെങ്ങനെ സിനിമയാക്കും എന്നത് വെല്ലുവിളിയായി. പക്ഷേ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമടക്കമുള്ളവരുടെ ആത്മാർഥമായ പ്രവർത്തനമാണ് ചിത്രം മനോഹരമായി പൂർത്തിയാക്കാൻ സാധിച്ചതിന് പിന്നിൽ. എക്കോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധാന രംഗത്തേക്ക് തിരിയാത്തത് പിന്നീട് ഛായാഗ്രഹണ അവസരങ്ങൾ കുറയുമോ എന്ന പേടി മൂലമാണെന്ന് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു. ആദ്യം ഒരു കൈത്തൊഴിൽ ഉണ്ടാകട്ടെ, പിന്നീട് എപ്പോഴെങ്കിലും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മിക്ക ക്യാമാറാമാന്മാർക്കും ഈ പേടിയുണ്ട്. 2018ൽ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രം തൊട്ട് സംവിധായകൻ ദിൻജിത്തുമായി സൗഹൃദം പുലർത്തിവരുന്നു. ഒരേ മനസ്സോടെയാണ് രണ്ടുപേരും മുന്നോട്ടുപോകുന്നത്. എന്നെങ്കിലും സംവിധാനം ചെയ്യണമെന്ന് തോന്നുമ്പോൾ അതിന് ശ്രമിക്കാമെന്ന് കരുതുന്നു. കോവിഡ്19 കാലത്ത് വീട്ടിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് കിഷ്കിന്ദാകാണ്ഡവും തുടർന്ന് എക്കോയും എഴുതിയത്. മൊബൈൽ ഫോൺ സ്വിച്ഡ് ഓഫ് ചെയ്തുവയ്ക്കാൻ പറ്റിയത് തന്നെയായിരുന്നു ഏറ്റവും വലിയ അനുഗ്രഹം.
മികച്ച കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കുക എന്നതുകൊണ്ടാണ് മലയാളത്തിൽ സിനിമകളിൽ കൂടുതൽ അഭിനയിക്കാത്തതെന്ന് നടൻ നരെയ്ൻ പറഞ്ഞു. തമിഴിൽ ശ്രദ്ധ പതിപ്പിച്ചതും ഇതിന് കാരണമായി. എക്കോയിലെ ശക്തമായ കഥാപാത്രത്തെ മികച്ച ഒരു സിനിമയിൽ അവതരിപ്പിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട്. ഇതുവരെ വിളിക്കാത്ത പലരും വിളിച്ച് അഭിനന്ദിക്കുന്നു. ദുബായിലെ വരവേൽപിൽ ഏറെ സന്തോഷം തോന്നുന്നുവെന്നും നരെയ്ൻ പറഞ്ഞു.