
അബുദാബി സായിദ് നാഷനൽ മ്യൂസിയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാഷ്ട്രത്തിന് സമർപ്പിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. പ്രദേശത്തിന്റെ 3 ലക്ഷം വർഷത്തെ ചരിത്രവും യുഎഇയുടെ രൂപീകരണം മുതൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകവും സമ്മേളിക്കുന്ന മ്യൂസിയത്തിൽ 6 ഗാലറികളിലായാണ് വിജ്ഞാനത്തിന്റെ കലവറ തീർത്തിരിക്കുന്നത്.
ഷെയ്ഖ് സായിദിന്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഇന്ററാക്ടീവ് മാതൃകയിൽ തൊട്ടറിയാം. അബുദാബി സാദിയാത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിലാണ് ഫാൽക്കൺ പക്ഷികളുടെ ചിറകിന്റെ മാതൃകയിൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
യുഎഇയുടെ തുടക്കം, പൂർവികർ, ബന്ധങ്ങൾ, തീരങ്ങൾ, വേരുകൾ, അൽമസർ ഗാർഡൻ എന്നീ 6 സ്ഥിരം ഗാലറികളിലായി മുവായിരത്തിലേറെ പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കഥ പറയുന്ന രീതിയിലുള്ള അവതരണത്തിനൊപ്പം ദൃശ്യങ്ങളും ചേർത്തുവച്ചത് കാണികളുടെ മനസ്സിനെ പിടിച്ചുനിർത്തും.