
54ാമത് ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 11 കാര്യങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. ജീവന് അപകടത്തിലാക്കുന്നതോ ഗതാഗത തടസ്സമുണ്ടാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
അനധികൃതമായി കൂട്ടംചേരുക, ഗതാഗത തടസ്സമുണ്ടാക്കുകയോ പൊതുറോഡുകള്‍ തടയുകയോ ചെയ്യുക, സ്റ്റണ്ട് ഡ്രൈവിങ് നടത്തുക, ഡോറുകളിലൂടെയോ സണ്‍റൂഫുകളിലൂടെയോ പുറത്തേക്ക് ചാഞ്ഞ് നില്‍ക്കുകയോ തൂങ്ങിക്കിടക്കുകയോ ചെയ്യുക, വാഹനങ്ങള്‍ക്ക് അനധികൃതമായ രൂപമാറ്റങ്ങള്‍ വരുത്തുകയോ അമിതമായ ശബ്ദമുണ്ടാക്കുകയോ ചെയ്യുക, ദേശീയ ദിനാഘോഷവുമായി ബന്ധമില്ലാത്ത സ്കാര്‍ഫുകള്‍ ധരിക്കുക, യു.എ.ഇ പതാകയല്ലാതെ മറ്റേതെങ്കിലും പതാക ഉയര്‍ത്തുക, വാഹനങ്ങളില്‍ സ്പ്രേ പെയിന്റ് ഉപയോഗിക്കുക, ദേശീയ ദിനാഘോഷവുമായി ബന്ധമില്ലാത്ത പാട്ടുകള്‍ വലിയ ശബ്ദത്തില്‍ വെക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ദേശീയ ദിനം സുരക്ഷിതമായ രീതിയിലും നിയമങ്ങള്‍ പാലിച്ചും ആഘോഷിക്കണം. നിയമലംഘകര്‍ക്ക് കടുത്തശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങള്‍ പിടിച്ചെടുക്കല്‍, പിഴ ചുമത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ടു ദിവസത്തെ പൊതുഅവധിയും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങൾ കൂടി ചേർത്താൽ ഫലത്തിൽ നാലുദിവസത്തെ അവധി ലഭിക്കും