
ഡ്രൈവറില്ലാത്ത റോബോടാക്സി സേവനം അബുദാബിയിൽ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിച്ചു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്ക മേഖലയിൽ റോബോ ടാക്സി സേവനം തുടങ്ങുന്ന ആദ്യ നഗരമാണിത്. വി-റൈഡ്, ഊബർ കമ്പനികളാണ് സർവീസ് നടത്തുന്നത്.
യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽ റീം ഐലൻഡ്, അൽ മരിയ ഐലൻഡ് എന്നിവിടങ്ങളിലും സായിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചും ഈ സേവനം ലഭ്യമാണ്. ഡ്രൈവറോ വാഹന വിദഗ്ധനോ ഇല്ലാതെ റോബോ ടാക്സി ബുക്ക് ചെയ്താൽ വിളിപ്പുറത്തെത്തും. ലക്ഷ്യസ്ഥാനം പറഞ്ഞുകൊടുത്താൽ കൃത്യമായി എത്തിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി യാത്രാക്കൂലി നൽകാം. ഊബർ കംഫർട്ട്, ഊബർ എക്സ്, ഓട്ടോണമസ് എന്നീ ആപ്പുകൾ ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സേവനം.
2024 ഡിസംബറിലാണ് വീറൈഡും ഊബറും ചേർന്ന് അബുദാബിയിൽ റോബോ ടാക്സി പരീക്ഷണയോട്ടം തുടങ്ങിയത്. ജൂലൈയിൽ അൽറീം ഐലൻഡിലേക്കും, അൽ മരിയ ഐലൻഡിലേക്കും സേവനം ആരംഭിച്ചു. ഡിസംബറോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് സേവനം വിപുലീകരിക്കാനുള്ള പദ്ധതിയിലാണ്. നിലവിൽ മധ്യപൂർവദേശത്തു മാത്രം വിറൈഡിന് നൂറിലേറെ റോബോ ടാക്സികളുണ്ട്.