
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി യാത്രക്കാർക്കു പുതുവർഷ സമ്മാനം പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സും ഇൻഡിഗോയും. ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് ഇൻഡിഗോ പ്രഖ്യാപിച്ചതെങ്കിൽ 35 ശതമാനം വരെ ഇളവുമായി ഇത്തിഹാദും രംഗത്തുണ്ട്.
∙ ബ്ലാക്ക് ഫ്രൈഡേ
ഇൻഡിഗോ പ്രഖ്യാപിച്ച നിരക്കിളവ് (ബ്ലാക്ക് ഫ്രൈഡേ) പ്രകാരം ഇന്നലെ മുതൽ 28നകം ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഈ വിമാന ടിക്കറ്റിൽ ജനുവരി 7 മുതൽ ജൂൺ 30 വരെ യാത്ര ചെയ്യാം. ആഭ്യന്തര സെക്ടറിൽ കുറഞ്ഞത് 1799 രൂപയും രാജ്യാന്തര സെക്ടറിൽ 5999 ദിർഹവുമാണു നിരക്ക്. പ്രമോഷന്റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആഭ്യന്തര സെക്ടറിൽ 2 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു രൂപയ്ക്കാണു വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. സേവന നിരക്കിൽ 70 ശതമാനം ഇളവുമുണ്ട്. തിരഞ്ഞെടുത്ത സെക്ടറിൽ ടിക്കറ്റിനൊപ്പം ബുക്ക് ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾക്കു 10 ശതമാനം നിരക്കിളവും വാഗ്ദാനം ചെയ്യുന്നു.
∙ വൈറ്റ് ഫ്രൈഡേ
ഇത്തിഹാദ് എയർവേയ്സിൽ ഈ മാസം 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണു ടിക്കറ്റ് നിരക്കിൽ 35 ശതമാനം ഇളവ് (വൈറ്റ് ഫ്രൈഡേ സെയിൽ) ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ചു ജനുവരി 13 മുതൽ ജൂൺ 24 വരെ യാത്ര ചെയ്യാം. യുഎഇയിൽ സ്കൂൾ അടയ്ക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനാകും.