
നിയമപരമല്ലാത്ത രീതിയിൽ സൂക്ഷിച്ച സെർവൽ (Serval) വിഭാഗത്തിൽപ്പെട്ട പൂച്ചയെ ദുബായ് പൊലീസ് അധികൃതർക്ക് കൈമാറി. ‘സേഫ് ഹാൻഡ്’ സംരംഭം വഴിയാണ് ഈ വന്യജീവിയെ ഉടമ സുരക്ഷിതമായി കൈമാറിയത്. അപകടകാരികളായതോ വന്യമായതോ ആയ മൃഗങ്ങളെ വീടുകളിൽ സൂക്ഷിക്കുന്നത് വ്യക്തിക്കും പരിസ്ഥിതിക്കും ദോഷകരമാണെന്നും നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മനസ്സിലാക്കിയാണ് ഉടമ പൊലീസിനെ സമീപിച്ചത്.
മൃഗത്തെ ഏറ്റുവാങ്ങിയ ശേഷം ദുബായ് പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിക്ക് കൈമാറി. ലൈസൻസില്ലാതെ അപകടകരമായ മൃഗങ്ങളെ വളർത്തുന്നതിലെ അപകടസാധ്യതകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ‘സേഫ് ഹാൻഡ്’ സംരംഭത്തിന്റെ ലക്ഷ്യമെന്ന് പരിസ്ഥിതി-പൈതൃക കുറ്റകൃത്യ നിയന്ത്രണ വിഭാഗം തലവൻ ലഫ്. കേണൽ അഹ്മദ് ഖലീഫ അൽ മസീന അൽ മുഹൈരി പറഞ്ഞു.
സെർവൽ പൂച്ച അപകടകാരിയായതിനാൽ ഔദ്യോഗിക അനുമതിയില്ലാതെ വളർത്താൻ കഴിയില്ല. എന്നാൽ, ഈ സംരംഭം വഴി മൃഗത്തെ കൈമാറിയതിനാൽ ഉടമയ്ക്ക് നിയമപരമായ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവായി കിട്ടി.