
വ്യാജ വാഗ്ദാനങ്ങളുമായി എത്തുന്ന നിക്ഷേപ തട്ടിപ്പുകാരെ കരുതിയിരിക്കണമെന്നു ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. മാസത്തിൽ 10% വരെ ലാഭം ഉറപ്പുനൽകുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
ലാഭം പെരുപ്പിച്ചുകാണിച്ച് ജനങ്ങളെ വശീകരിക്കാൻ വിദഗ്ധരാണ് സാമ്പത്തിക തട്ടിപ്പുകാർ. ഓൺലൈൻ ഫോമുകളിലൂടെയും സ്പോൺസർ ചെയ്ത പരസ്യങ്ങളിലൂടെയുമാണ് ചില കമ്പനികൾ കെണിയൊരുക്കുന്നത്. പ്രത്യക്ഷത്തിൽ സത്യസന്ധമെന്നു തോന്നിപ്പിക്കാവുന്ന വിധമായിരിക്കും വാഗ്ദാനം. ജനങ്ങളുടെ പണം പിടിച്ചെടുക്കാനുള്ള സർവ തന്ത്രങ്ങളോടെയുള്ള ഇത്തരം പരസ്യങ്ങളിൽ വീണുപോകരുതെന്നും ഓർമിപ്പിച്ചു. അറിയപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പേരുകളും ലോഗോകളും ദുരുപയോഗം ചെയ്തും ജനങ്ങളെ വലയിലാക്കാൻ മിടുക്കരാണ് തട്ടിപ്പുകാർ.
ഔദ്യോഗിക ലൈസൻസില്ലാതെയാണ് ഇത്തരക്കാരുടെ പ്രവർത്തനമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പിരമിഡ് സ്കീം എന്ന പേരിൽ സാങ്കൽപിക ലാഭം കാണിച്ചാണ് ജനങ്ങളെ ആകർഷിക്കുന്നത്. പുതിയ നിക്ഷേപകരിൽനിന്ന് പണം ശേഖരിച്ച് മുൻകാല ഇരകൾക്ക് നൽകി വിശ്വാസത്തിലെടുക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ആദ്യതവണ ലാഭം കിട്ടിയവർ കൂടുതൽ തുക നിക്ഷേപിക്കും. സംഘം ഉദ്ദേശിക്കുന്ന തുക അക്കൌണ്ടിലെത്തിയാൽ ഈ കമ്പനികൾ പെട്ടെന്ന് അപ്രത്യക്ഷമാകും.
യഥാർഥ നിക്ഷേപത്തിൽ മാസത്തിൽ 10 ശതമാനമോ അതിൽ കൂടുതലോ ലാഭം നേടുക പ്രയാസമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. വേഗത്തിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞെത്തുന്ന വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഏതെങ്കിലും പദ്ധതികളിൽ നിക്ഷേപിക്കുന്നതിനു മുൻപ് അംഗീകൃത കമ്പനിയാണോ എന്ന് സ്ഥിരീകരിക്കണം. സംശയാസ്പദമായ ഏതെങ്കിലും പ്രവർത്തനങ്ങളോ പരസ്യങ്ങളോ കണ്ടാൽ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ വിളിച്ചു റിപ്പോർട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.