
ദേശീയ ബഹിരാകാശ വ്യവസായ പ്രോഗ്രാം പ്രഖ്യാപിച്ച് യു.എ.ഇ. 2031ഓടെ ലോകത്തെ ഏറ്റവും മികച്ച 10 ബഹിരാകാശ സാമ്പത്തികശക്തികളിൽ ഒന്നായി യു.എ.ഇയെ മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ മത്സരക്ഷമതയെ പ്രോത്സാഹിപ്പിക്കുകയും ദേശീയ, അന്തർദേശീയ കമ്പനികളുടെ പ്രവർത്തനത്തെ പിന്തുണക്കുകയും ചെയ്യും.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കൗൺസിലിന്റെ രണ്ടാമത് യോഗത്തിലാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയത്. സ്പേസ് കൗൺസിലിന്റെ ചെയർമാൻ കൂടിയാണ് ശൈഖ് ഹംദാൻ.