ublnews.com

ദുബായ് എയർഷോയിൽ 7200 കോടി ഡോളറിന്റെ വിമാന കരാറുകളിൽ ഒപ്പുവച്ച് യുഎഇ വിമാന കമ്പനികൾ

ദുബായ് എയർഷോയിൽ 7200 കോടി ഡോളറിന്റെ വിമാന കരാറുകളിൽ ഒപ്പുവച്ച് യുഎഇ വിമാന കമ്പനികൾ. എയർഷോ 2 ദിവസം പിന്നിട്ടപ്പോൾ യുഎഇയിലെ 3 ദേശീയ വിമാന കമ്പനികളും കൂടി 247 പുതിയ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് 32 വിമാനങ്ങൾക്കും ഫ്ലൈ ദുബായ് 150 വിമാനങ്ങൾക്കും എമിറേറ്റ്സ് എയർലൈൻ 65 വിമാനങ്ങൾക്കുമാണ് ഓർഡർ നൽകിയത്.

അഞ്ചു വർഷത്തിനകം ഈ വിമാനങ്ങളെല്ലാം ലഭ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യുഎഇയിൽനിന്ന് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാം. വ്യോമയാന മേഖലയിൽ ഒട്ടേറെ പേർക്ക് തൊഴിലും ലഭിക്കും.

2030 ഓടെ 3.7 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങളുടെ എണ്ണം 200 ആക്കി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയവയ്ക്ക് ഓർഡർ നൽകിയത്. പുതിയ വിമാനങ്ങൾക്ക് ആവശ്യമായ എൻജിൻ റോൾസ് റോയ്സ് നൽകും. 2027ൽ പുതിയ വിമാനങ്ങൾ ലഭ്യമായിത്തുടങ്ങുമെന്ന് ഇത്തിഹാദ് സിഇഒ അന്റോണോൾഡോ നെവ്‌സ് പറഞ്ഞു.

ഫ്ലൈ ദുബായ് 150 എ321നിയോ വിമാനങ്ങൾക്കായി എയർബസുമായി കരാറിൽ ഒപ്പുവച്ചു. വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ പുതിയ വിമാനങ്ങൾ എത്തുന്നതോടെ സാധിക്കുമെന്ന് ഫ്ലൈ ദുബായ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

എ321നിയോയുടെ കാര്യക്ഷമതയും സുഖ യാത്രയും പ്രത്യേക അനുഭൂതി നൽകുമെന്ന് എയർബസ് സിഇഒ ക്രിസ്റ്റ്യൻ ഷെറർ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ വിമാനം മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 20 ശതമാനം ഇന്ധനം ലാഭിക്കുമെന്നും കാർബൺ മലിനീകരണം കുറയ്ക്കുമെന്നും കൂട്ടിച്ചേർത്തു. എയർഷോയുടെ ആദ്യ ദിവസം എമിറേറ്റ്സ് എയർലൈൻ 65 ബോയിങ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇവ കൂടി ലഭ്യമാകുന്നതോടെ 270 ജെറ്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ 777 വിമാനങ്ങളുടെ ഓപ്പറേറ്ററായി എമിറേറ്റ്സ് മാറും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top