
യുഎഇയില്‍ വ്യക്തിഗത വായ്പ (പേഴ്സണല്‍ ലോണ്‍) ലഭിക്കാന്‍ ഇതുവരെ നിര്‍ബന്ധമായിരുന്ന കുറഞ്ഞ ശമ്പള നിബന്ധന (minimum salary requirement) റദ്ദാക്കി. വര്‍ഷങ്ങളായി മിക്ക ബാങ്കുകളും പാലിച്ചിരുന്ന 5,000 ദിര്‍ഹം എന്ന മിനിമം ശമ്പള പരിധിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നിര്‍ദേശത്തോടെ ഒഴിവാക്കിയിരിക്കുന്നത്. ഇനി ഓരോ ബാങ്കുകളും തങ്ങളുടെ ആഭ്യന്തര നയങ്ങള്‍ അനുസരിച്ച് വായ്പയ്ക്കുള്ള ശമ്പള യോഗ്യത നിശ്ചയിക്കാമെന്ന് സെന്‍ട്രല്‍ ബാങ്ക് (CBUAE) പുറത്തിറക്കിയ സര്കുലറില് പറയുന്നു.
ഇതോടെ കുറഞ്ഞ വരുമാനക്കാരും ‘കാഷ് ഓണ്‍ ഡിമാന്‍ഡ്’ സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രാപിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ മാറ്റം മൂലം, യുവാക്കളും കുറഞ്ഞ ശമ്പളക്കാര്‍ക്കും, വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും യുഎഇയില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാകും. ഈ അക്കൗണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (WPS) സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍, ബ്ലൂകോളര്‍ തൊഴിലാളികളുടെയും മറ്റ് കുറഞ്ഞ വരുമാനക്കാരുടെയും ശമ്പളം ക്രെഡിറ്റ് ചെയ്തതോടൊപ്പം തന്നെ ബാങ്കുകള്‍ക്ക് ഇഎംഐകള്‍ ഓട്ടോ ക്രെഡിറ്റ് ആയി പിടിക്കാനും കഴിയും.
രാജ്യത്തെ ധനസേവന മേഖലയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള നയം നടപ്പാക്കാനും സുരക്ഷിതവും നിയന്ത്രിതവുമായ ബാങ്കിംഗ് സംവിധാനങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.