
ഡിസംബറിലെ തിരക്കിട്ട യാത്രാ സീസണിന് മുന്നോടിയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (ഡിഎക്സ്ബി) വൻ തിരക്കിനും ട്രാഫിക് തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റ് സീസൺ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതും ദുബായിലെ സ്കൂൾ അവധികളും ഒട്ടേറെ പ്രാദേശിക പരിപാടികളും കാരണം ഡിസംബർ മുഴുവനും 23 ലക്ഷത്തിലേറെ യാത്രക്കാർ ദുബായിൽ നിന്ന് പുറപ്പെടുകയും 25 ലക്ഷം യാത്രക്കാർ എത്തുകയും ചെയ്യുമെന്നാണ് വിമാനക്കമ്പനിയുടെ കണക്കുകൂട്ടൽ. മൊത്തത്തിൽ ഏകദേശം 50 ലക്ഷം യാത്രക്കാരെയാണ് ഈ പീക്ക് സീസണിൽ ദുബായ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്.
ഈ ഉത്സവ സീസണിൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും കാർ പാർക്കുകളിലും ടെർമിനലുകളിലും തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് എമിറേറ്റ്സ് നിർദ്ദേശിച്ചു. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ, വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. ഇമിഗ്രേഷൻ നടപടികൾ വിമാനം പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് പൂർത്തിയാക്കുകയും ബോർഡിങ് ഗേറ്റിൽ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് എത്തിച്ചേരുകയും വേണം.
ബാഗേജ് നിയമങ്ങൾ സംബന്ധിച്ചുള്ള എമിറേറ്റ്സിന്റെ പുതുക്കിയ നിയന്ത്രണങ്ങളും യാത്രക്കാർ ഉറപ്പാക്കണം. പവർ ബാങ്കുകൾ, സ്മാർട് ബാഗുകൾ, ഇ-സിഗരറ്റുകൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. 100 വാട്സിൽ താഴെയുള്ള പവർ ബാങ്കുകൾ കാരി ഓൺ ബാഗിൽ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.
സ്മാർട് ബാഗുകളിൽ ബാറ്ററി ഊരിയെടുക്കാൻ സാധിക്കുന്നതായിരിക്കണം. മാത്രമല്ല അത് സ്വിച്ച് ഓഫ് ചെയ്തിരിക്കുകയും വേണം. യാത്ര സുഗമമാക്കാൻ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് എമിറേറ്റ്സ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാൻ വിമാനക്കമ്പനി പ്രോത്സാഹിപ്പിക്കുന്നു. ഈ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ ബോർഡിങ് പാസ് എടുക്കാനും ബയോമെട്രിക് പാതയിൽ റജിസ്റ്റർ ചെയ്യാനും ഭക്ഷണം തിരഞ്ഞെടുക്കാനും വിമാനത്തിലെ വിനോദ പരിപാടികൾ ആസൂത്രണം ചെയ്യാനും യാത്രക്കാർക്ക് സാധിക്കും.
കൂടാതെ, ഡി.ഐ.എഫ്.സിയിലെ എമിറേറ്റ്സ് സിറ്റി ചെക്ക്-ഇൻ അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അജ്മാനിലെ ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കി മുൻകൂട്ടി ബാഗേജ് ഏൽപ്പിക്കാം. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് മുതൽ 4 മണിക്കൂർ മുൻപ് വരെ ഈ സൗകര്യങ്ങൾ ഉപയോഗിക്കാം. ഡിസംബർ 15നും ജനുവരി 15നും ഇടയിൽ ഡി.ഐ.എഫ്.സിയിൽ ചെക്ക്-ഇൻ ചെയ്യുന്ന ഓരോ യാത്രക്കാർക്കും 2,500 എമിറേറ്റ്സ് സ്കൈവാർഡ്‌സ് മൈലുകൾ വീതം നേടാൻ അവസരമുണ്ട്.
കൂടുതൽ സൗകര്യത്തിനായി, ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് യാത്രാ ദിവസത്തിന് തലേന്ന് രാത്രി വിമാനത്താവളത്തിൽ സൗജന്യമായി ബാഗുകൾ ഏൽപ്പിക്കാൻ സൗകര്യമുണ്ട്. യുഎസിലേക്ക് പോകുന്നവർക്ക് 12 മണിക്കൂർ മുൻപ് വരെയും അല്ലാത്തവർക്ക് 24 മണിക്കൂർ മുൻപ് വരെയും ബാഗേജ് ഡ്രോപ്പ് ചെയ്യാം. അതിനുശേഷം യാത്രക്കാർക്ക് പുറപ്പെടുന്ന സമയത്തിന് അടുത്ത് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഏരിയയിലേക്ക് നേരിട്ട് പോകാൻ സാധിക്കും.
ദുബായിലെയും ഷാർജയിലെയും യാത്രക്കാർക്കായി എമിറേറ്റ്സ് ‘ഹോം ചെക്ക്-ഇൻ സർവീസ്’ നൽകുന്നുണ്ട്. ഇതിലൂടെ ഏജന്റുമാർ വീട്ടിൽ നിന്നോ ഹോട്ടലിൽ നിന്നോ ഓഫീസിൽ നിന്നോ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുകയും ബാഗേജ് ശേഖരിക്കുകയും ചെയ്യും. ഈ സർവീസ് വഴി കൈവശമുള്ള ബാഗേജുമായി മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതി. ഈ സേവനം വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ബുക്ക് ചെയ്യണം. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും പ്ലാറ്റിനം സ്കൈവാർഡ്‌സ് അംഗങ്ങൾക്കും ഈ സർവീസ് സൗജന്യമായി ലഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.