
രക്കുനീക്കത്തിന് സ്വയം നിയന്ത്രിത കാർഗോ ഡ്രോൺ ഇറക്കി അബുദാബി. ഹിലി എന്നു പേരിട്ട ഡ്രോണിന്റെ പരീക്ഷണ പറക്കൽ വിജയകരം. അൽഐനിലെ എമിറേറ്റ്സ് ഫാൽക്കൺ ഏവിയേഷനിൽ നടന്ന ചടങ്ങിന് രാജകുടുംബാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും സാക്ഷികളായി.
പൂർണമായും അബുദാബിയിൽ നിർമിച്ച കാർഗോ ഡ്രോണിന്റെ പരീക്ഷണയോട്ടം വിജയിച്ചതോടെ യുഎഇ വ്യോമയാന രംഗത്തെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി അധികൃതർ പ്രഖ്യാപിച്ചു. എഐ, ലോജിസ്റ്റിക് ഡെലിവറി സൊല്യൂഷനുകളിൽ വൈദഗ്ധ്യം നേടിയ അബുദാബി ആസ്ഥാനമായുള്ള കമ്പനി ലോഡ് ആണ് സർവീസിനു ചുക്കാൻ പിടിച്ചത്.
ലോഡ് ഓട്ടോണമസ് സിഇഒ റാഷിദ് അൽ മനായ്, ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (ക്യാപ്റ്റൻ), യുഎഇ പ്രസിഡന്റിന്റെ സ്ട്രാറ്റജിക് റിസർച് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി അഫയേഴ്സ് ഉപദേഷ്ടാവും നൂതന സാങ്കേതിക കൗൺസിൽ സെക്രട്ടറി ജനറലുമായ ഫൈസൽ അബ്ദുൽ അസീസ് അൽ ബന്നായി എന്നിവർ പങ്കെടുത്തു.
യുഎഇയിൽ ലോകത്തിനായി സ്വയംനിയന്ത്രിത ഡ്രോണുകളും വിമാനങ്ങളും രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുക എന്നതിന്റെ സാക്ഷാത്കാരമാണിത്. ഇതൊരു ദേശീയ കണ്ടുപിടുത്തമായാണ് കണക്കാക്കുന്നത്. രണ്ടര വർഷത്തെ അധ്വാനത്തിന്റെ ഫലം. നേരത്തെ പ്രഖ്യാപിച്ചതുപോലെ നവംബറിൽ പരീക്ഷണ പറക്കൽ നടത്തുമെന്ന വാഗ്ദാനം പാലിച്ചതായി റാഷിദ് അൽ മനായ് പറഞ്ഞു.
6 മാസത്തെ പരീക്ഷണത്തിനൊടുവിൽ വ്യാവസായികാടിസ്ഥാനത്തിൽ സേവനം ആരംഭിക്കും. 250 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള ഹിലി ഡ്രോണിന് 700 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഓർഡർ ചെയ്യുന്ന ദിവസം തന്നെ സാധനങ്ങൾ സ്വീകരിക്കാൻ സാധിക്കുമെന്ന് അൽമനായ് പറഞ്ഞു. 5 മുതൽ 10 വർഷത്തിനകം ഡ്രോൺ പരിഷ്ക്കരിച്ച് കൂടുതൽ മികവുറ്റതാക്കുമെന്നും കൂട്ടിച്ചേർത്തു. അടുത്ത വർഷം സ്വയം നിയന്ത്രിത യാത്രാ എയർ ടാക്സിയും സർവീസ് നടത്തും. സ്മാർട്ട് ഗതാഗത രംഗത്ത് ലോകത്തിന്റെ കേന്ദ്രമാകുകയാണ് അബുദാബിയുടെ ലക്ഷ്യം.