
സുഡാനിലെ പോർട്ട് സുഡാൻ അതോറിറ്റിയിലേക്ക് യുഎഇ വഴി സൈനിക ഉപകരണങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ വിചാരണ ഉടൻ ആരംഭിക്കുമെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറിയിച്ചു. യുഎഇ പ്രോസിക്യൂഷൻ കേസിന്റെ അന്വേഷണം പൂർത്തിയാക്കി.
ഏപ്രിൽ 30ന് അറ്റോർണി ജനറൽ പ്രഖ്യാപിച്ചതനുസരിച്ച് സുഡാനിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നിയമവിരുദ്ധമായി കടത്താനുള്ള ശ്രമമാണ് യുഎഇ-യുടെ സുരക്ഷാ ഏജൻസികൾ തകർത്തത്. ആയുധക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും ഏർപ്പെട്ട സംഘാംഗങ്ങളെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ ബ്രോക്കറേജും ഒളിപ്പിച്ചുവച്ച കമ്മീഷൻ ശേഖരിക്കലുമടക്കം ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് പ്രതികൾ നടത്തിയിരുന്നത്. രാജ്യത്തെ ഒരു വിമാനത്താവളത്തിൽ ഒരു സ്വകാര്യ വിമാനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന (54.7 x 62 മി.മീ.) ഗോര്യുനോവ് തരം സൈനിക ഗ്രേഡ് വെടിമരുന്ന് പ്രതികൾ പരിശോധിക്കുന്നതിനിടെയാണ് അധികൃതർ ഇവരെ പിടികൂടിയത്. പ്രതികളിൽ രണ്ടുപേരിൽ നിന്ന് ഇടപാടിന്റെ സാമ്പത്തിക വരുമാനത്തിന്റെ ഒരു ഭാഗവും പിടിച്ചെടുത്തു.
അറസ്റ്റിനും തിരച്ചിലിനുമുള്ള ജുഡീഷ്യൽ വാറണ്ടുകൾ ലഭിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന്റെ മേൽനോട്ടത്തിലാണ് ഓപറേഷൻ നടത്തിയത്. സുഡാനീസ് സൈനിക അധികാരികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, ബിസിനസുകാർ എന്നിവരുമായി മാത്രമല്ല, യു.എസ് ഉപരോധ പട്ടികയിലും ഇന്റർപോളിലും ലിസ്റ്റ് ചെയ്തിട്ടുള്ള വ്യക്തികളുമായും കമ്പനികളുമായും ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.