ublnews.com

അപകട ഓട്ടം; 101 ഇലക്ട്രിക് ബൈക്കുകൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

താമസസ്ഥലങ്ങളിലെ ട്രാക്കുകളിലൂടെ അപകടകരമായ രീതിയിൽ ഇ-ബൈക്കുകൾ ഓടിച്ചതിനെ തുടർന്ന് ദുബായ് പൊലീസ് 101 ഇലക്ട്രിക് ബൈക്കുകൾ പിടിച്ചെടുത്തു. മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ വരെ കൗമാരക്കാർ ഇ-ബൈക്കുകൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് നടപടി കർശനമാക്കിയത്. ഇത് കാൽനടയാത്രക്കാരുടെയും യാത്രികരുടെയും ജീവന് ഭീഷണിയാകുന്നുണ്ട്.

അമിത വേഗം ലഭിക്കുന്നതിനായി വാഹനങ്ങൾ രൂപമാറ്റം വരുത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നദ് അൽ ശേബയിലും ദുബായുടെ മറ്റു ഭാഗങ്ങളിലുമായി 130 ട്രാഫിക് പിഴകൾ ചുമത്തി. കൗമാരക്കാരുടെ അശ്രദ്ധമായ പെരുമാറ്റം സംബന്ധിച്ച് സമൂഹത്തിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പട്രോളിങ് ശക്തമാക്കിയത്. നിയമം ലംഘിച്ചവരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി ദുബായ് പൊലീസ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്രൂയി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ മേൽനോട്ടമില്ലാത്ത ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ഇവരുടെ മാതാപിതാക്കളെയും പൊലീസ് വിളിച്ചുവരുത്തി. വിനോദസഞ്ചാരത്തിനോ ചെറിയ യാത്രാ ആവശ്യങ്ങൾക്കോ രൂപകൽപ്പന ചെയ്ത ഇ-ബൈക്കുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് അപകടകരമായ മോട്ടോർ സൈക്കിളുകൾക്ക് തുല്യമാണ്. ഇവ ഒരു കാരണവശാലും സ്പോർട്സ് ട്രാക്കുകളിൽ ഉപയോഗിക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top