
യുഎഇയിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റം വരുന്നു. രാജ്യത്തുടനീളം താപനില കുറഞ്ഞ നിലയിൽ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) പ്രവചനം. താപനില ഇനിയും കുറയുമെന്നും മിക്ക പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും എൻസിഎം അറിയിച്ചു.
പകൽ സമയത്തെ ഉയർന്ന താപനില 35° സെൽഷ്യസിനും 31° സെൽഷ്യസിനും ഇടയിലായിരിക്കും. എന്നാൽ രാത്രിയിൽ കുറഞ്ഞ താപനില 15° സെൽഷ്യസ് മുതൽ 19° സെൽഷ്യസ് വരെയായി കുറയും. ഇന്നലെ രാവിലെ 6.:45 ന് മെസൈറയിൽ (അൽ ദഫ്ര പ്രദേശം) 12.1° സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് ഈ തണുപ്പൻ മാറ്റത്തിന്റെ സൂചനയാണ്.
മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്, ചിലപ്പോൾ ഇത് 35 കിലോമീറ്റർ വരെ എത്താം. ഈ കാറ്റ് പൊടിപടലങ്ങളും മണലും ഉയർത്താൻ സാധ്യതയുള്ളതിനാൽ കാഴ്ചക്കുറവിന് കാരണമായേക്കാം. പൊടിയോട് സംവേദനക്ഷമതയുള്ളവർ പുറത്തുപോകുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
ഈർപ്പത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകും. തീരദേശങ്ങളിൽ 65°സെൽഷ്യസിനും 85° സെൽഷ്യസിനും ഇടയിൽ ഈർപ്പം അനുഭവപ്പെട്ടേക്കാം, അതേസമയം മലയോര പ്രദേശങ്ങളിൽ ഇത് 50°സെൽഷ്യസിനും 70°സെൽഷ്യസിനും ഇടയിലായിരിക്കും. അറേബ്യൻ ഗൾഫിലും മാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകൾക്ക് സാധ്യതയുണ്ടെങ്കിലും കടൽ സാധാരണ നിലയിൽ തുടരുന്നതിനാൽ കപ്പൽ യാത്രകൾക്കും മറ്റ് സമുദ്ര പ്രവർത്തനങ്ങൾക്കും അനുകൂലമാണ്. ഈ തണുത്ത കാലാവസ്ഥ തുറസ്സായ സ്ഥലങ്ങളിലെ വിനോദങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ആശ്വാസമാകും.