
പ്രവാസികളെ കാലങ്ങളായി വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നതിന് തടയിടാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറിന് തനിച്ച് ഇതില്‍ ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനക്കമ്പനികളുടെ കൊള്ളക്ക് തടയിടാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് എന്ന ആശയമുയര്ന്നെങ്കിലും ഇത് പ്രാവര്‍ത്തികമാവുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂളുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണെന്നും കേരളത്തിനു പുറത്ത് സ്കൂളുകള്‍ തുടങ്ങുന്നത് സര്‍ക്കാറിന്റെ അജണ്ടയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മലയാളം പഠിപ്പിക്കുന്ന മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്ന്നുകൊണ്ടുപോവും. പവര്‍ ഓഫ് അറ്റോണി നടപടികള്‍ ലളിതമാക്കുന്നതിനായി ഇ-പവര്‍ ഓഫ് അറ്റോണിയെന്ന സൗകര്യവും ആലോചിക്കും. നോര്‍ക്ക കാര്‍ഡ് എല്ലാവരെക്കൊണ്ടും എടുപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കണം. നിയമസഹായങ്ങള്‍ക്കായി എംബസിയുമായി സംഘടനകള്‍ നല്ല ബന്ധം സ്ഥാപിക്കണമെന്നും അംഗീകൃതമായ രീതിയില്‍ നിയമസഹായം നല്കാന് ഇതുമാത്രമാണ് വഴിയെന്നും നിയമസഹായങ്ങള്‍ക്കായി എംബസിയെ ഇടപെടീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.