
അജ്മാൻ: കഴിഞ്ഞ ആറ് മാസത്തിനിടയിൽ അജ്മാനിൽ ഡെലിവറി ബൈക്ക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തില്ല. അജ്മാൻ പൊലീസ് കഴിഞ്ഞ ആറ് മാസമായി നടത്തിയ സുരക്ഷ കാമ്പയിനിന്റെ ഫലമായാണ് അപകടം തടയാനായത്. കാമ്പയിൻ ആരംഭിക്കുന്നതിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഡെലിവറി ബൈക്ക് അപകടങ്ങൾ 56 ശതമാനം കുറഞ്ഞു.
ഇത് നേരത്തേതിനെ അപേക്ഷിച്ച് പകുതിയിലധികം കുറവാണെന്ന് അധികൃതർ പറഞ്ഞു. രേഖപ്പെടുത്തിയ എല്ലാ അപകടങ്ങളിലും മറ്റു മോട്ടോർസൈക്കിളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഡെലിവറി മോട്ടോർസൈക്കിൾ ഡ്രൈവർമാർ കാരണമല്ലെന്നും അധികൃതർ വ്യക്തമാക്കി. ബൈക്ക് യാത്രക്കാർക്കിടയിൽ ഫീൽഡ് നിരീക്ഷണവും ബോധവത്കരണ പരിപാടികളും അധികൃതർ ശക്തമാക്കിയതിനെ തുടർന്നാണിത്. നിരോധിത പ്രദേശങ്ങളിൽ വാഹനമോടിക്കുക, ഗതാഗത ലംഘനം നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 107 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു.
മോട്ടോർ സൈക്കിൾ യാത്രക്കാരുടെ 6201 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പട്രോളിങ്ങിലൂടെയും സ്മാർട്ട് സംവിധാനങ്ങളിലൂടെയും ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി 2025 മേയിലാണ് അജ്മാൻ പൊലീസ് ‘ഡെലിവറി: ഒരു ഉത്തരവാദിത്തവും സുരക്ഷയും’ എന്ന ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്. അതേമാസംതന്നെ ഡെലിവറി റൈഡർമാരെ ഫാസ്റ്റ് ലൈനുകകളിൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ലൈൻ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് 400 ദിർഹം പിഴ ചുമത്തും. യു.എ.ഇയിലുടനീളം അതിവേഗ വാഹനങ്ങളിൽനിന്ന് ഡെലിവറി ബൈക്കുകളെ സംരക്ഷിക്കുന്നതിന് പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നവംബർ ഒന്നു മുതൽ അഞ്ച് വരികളോ അതിൽ കൂടുതലോ ഉള്ള റോഡുകളിൽ ഇടതുവശത്തെ രണ്ട് വരികൾ, മൂന്നോ നാലോ ലൈനുകളുള്ളവയിൽ ഇടതുവശത്തെ വരികൾ ഡെലിവറി റൈഡർമാർക്ക് നിരോധിച്ചിട്ടുണ്ട്.