
ദുബായ് മെട്രോ ബ്ലൂലൈനിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അഞ്ചുമാസത്തിനിടെ 10 ശതമാനം പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്ത വർഷം അവസാനത്തോടെ നിർമാണം 30 ശതമാനത്തിലെത്തിക്കും. 2029 സെപ്റ്റംബർ ഒമ്പതിന് നിർമാണം പൂർത്തിയാകും. ഇതിനായി 12 സ്ഥലങ്ങളിലായി 3,000 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും ആർ.ടി.എ അറിയിച്ചു. എമിറേറ്റിലെ താമസ, വ്യവസായ, സാമ്പത്തിക മേഖലകളിൽ കൂടി കടന്നുപോകുന്ന രീതിയിലാണ് ബ്ലൂലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.
2025 ജൂണിൽ പദ്ധതിക്ക് തറക്കല്ലിട്ട ശേഷം അഞ്ചു മാസത്തിനിടെ 10 ശതമാനം നിർമാണം പൂർത്തിയാക്കാനായത് വലിയ നേട്ടമാണെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ദുബൈയിലെ പ്രധാന താമസ, അക്കാദമിക, സാമ്പത്തിക, ടൂറിസം ജില്ലകളെ ബന്ധിപ്പിച്ച് ലോക നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനായി 3000 തൊഴിലാളികൾക്കൊപ്പം 500 ലധികം എൻജിനീയർമാരും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 14 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ബ്ലൂലൈനിന്റെ നീളം 30 കിലോമീറ്ററാണ്.
രണ്ട് ദിശകളിലൂടെയാണ് കടന്നുപോകുക. ആദ്യത്തേത് അൽ ജെദ്ദാഫിലെ ഗ്രീൻലൈനിലെ ക്രീക്ക് ഇന്റർസെക്ഷൻ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവയിലൂടെ കടന്നുപോയി ഇന്റർനാഷനൽ സിറ്റി ഒന്നിൽ എത്തും. ഒരു ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷനും അതിൽ ഉൾപ്പെടുന്നു. ഇന്റർനാഷനൽ സിറ്റി രണ്ട്, മൂന്ന്, ദുബൈ സിലിക്കൻ ഒയാസിസ് എന്നിവയിലൂടെ കടന്നുപോയി ദുബൈ അക്കാദമിക് സിറ്റിയിൽ അവസാനിക്കും. 10 സ്റ്റേഷനുകൾ ഉൾപ്പെടെ ഈ ഭാഗത്തെ ലൈനിന്റെ നീളം 21 കിലോമീറ്ററാണ്.
റാശിദിയയിലെ റെഡ്ലൈനിലെ സെന്റർപോയന്റ് ഇന്റർചേഞ്ച് സ്റ്റേഷനിൽ ആരംഭിക്കുന്നതാണ് രണ്ടാമത്തെ റൂട്ട്. മിർദിഫ്, അൽ വർഖ എന്നിവിടങ്ങളിലൂടെ കടന്നുപോയി ഇന്റർനാഷനൽ സിറ്റിയിലെ ഇന്റർചേഞ്ച് സ്റ്റേഷനുമായി ബന്ധിപ്പിക്കും. നാലു സ്റ്റേഷനുകൾ അടങ്ങിയ ഈ റൂട്ടിന്റെ നീളം ഒമ്പത് കിലോമീറ്ററാണ്.