
ഡ്രൈവർമാരുടെ ക്ഷേമ-പാരിസ്ഥിതിക ഉത്തരവാദിത്ത പ്രതിബദ്ധതയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ടാക്സി ഡ്രൈവർമാർക്കായി പുതിയ സുസ്ഥിര യൂണിഫോമുകൾ അവതരിപ്പിച്ചു. പുനർരൂപകൽപന ചെയ്ത യൂണിഫോമുകളാണിത്. ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ തുണിത്തരങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഭാരം കുറഞ്ഞതും ദീർഘനേരം ജോലി ചെയ്യാൻ സുഖകരവുമാണ്. ചുളിവുകളില്ലാത്തതും കറകൾ പതിയാത്തതുമായതിനാൽ ദിവസം മുഴുവൻ വൃത്തിയുള്ളതും പ്രഫഷനലുമായ രൂപം നിലനിർത്താൻ ഇവ സഹായിക്കുന്നു. പുതിയ യൂണിഫോമുകൾ ഡ്രൈവർമാരുടെ ആരോഗ്യത്തെയും ശുചിത്വത്തെയും പിന്തുണയ്ക്കുന്നതായി ആർടിഎ പറഞ്ഞു.
സുസ്ഥിരവും മികച്ചതുമായ ഭാവി മുന്നിൽക്കണ്ടുള്ള ദുബായിയുടെ വിശാല കാഴ്ചപ്പാടും ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. ഡ്രൈവർമാർക്ക് മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്ര വാഗ്ദാനം ചെയ്യാനും ഈ യൂണിഫോമുകൾ ലക്ഷ്യമിടുന്നു. എമിറേറ്റിലുടനീളമുള്ള പൊതുഗതാഗത സേവനങ്ങൾ നവീകരിക്കാനുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കുന്നത്.