ublnews.com

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ ഇ-പാസ്‌പോർട്ട്

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനിമുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. ഒക്ടോബർ 28നാണ് ഇന്ത്യൻ സർക്കാർ ആഗോളതലത്തിൽ ഇ-പാസ്‌പോർട്ട് സംവിധാനം ആരംഭിച്ചത്. ഇ-പാസ്‌പോർട്ടിൽ പാസ്‌പോർട്ട് ഉടമയുടെ ഡിജിറ്റലൈസ് ചെയ്ത വിവരങ്ങൾ അടങ്ങിയ ഒരു ഇലക്ട്രോണിക് ചിപ്പ് ഉൾച്ചേർക്കും. ഇത് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സഹായിക്കും. ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കോൺസൽ ജനറൽ സതീഷ് ശിവനാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ സംവിധാനം വഴി അപേക്ഷകർക്ക് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ രണ്ട് മിനിറ്റ് സമയം മാത്രമേ എടുക്കൂ എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പഴയ പാസ്‌പോർട്ട് നമ്പർ നൽകുക, വെരിഫിക്കേഷൻ പൂർത്തിയാക്കുക, സമർപ്പിക്കുക, അതോടെ പ്രക്രിയ പൂർത്തിയാകും – യുഎഇയിലെ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് എ. അമർനാഥ് വ്യക്തമാക്കി.

ഇനിമുതൽ പാസ്‌പോർട്ട് പുതുക്കുന്ന എല്ലാവരും പുതുക്കിയ ജിപിഎസ് പി 2.0 പ്ലാറ്റ്‌ഫോം വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഈ പ്ലാറ്റ്‌ഫോം വഴി അപേക്ഷകർ രേഖകൾ അപ്‌ലോഡ് ചെയ്യുന്നത് ബിഎൽഎസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും. അപേക്ഷിക്കാൻ ഉപയോഗിക്കേണ്ട പുതിയ ഓൺലൈൻ പോർട്ടൽ: https://mportal.passportindia.gov.in/gpsp/AuthNavigation/Login

പാസ്‌പോർട്ട് പുതുക്കുന്നതിനായി അടുത്ത ദിവസങ്ങളിലേക്ക് നിലവിൽ അപ്പോയിന്റ്മെന്റ് എടുത്തവർക്ക് ഇളവ് നൽകുമെന്ന് കോൺസൽ ജനറൽ ഓഫ് ഇന്ത്യ സതീഷ് ശിവൻ പറഞ്ഞു. സർവീസ് പ്രൊവൈഡർമാർ വഴി പാസ്‌പോർട്ട് പുതുക്കുന്നതിന് അപേക്ഷാ ഫോമുകൾ ഇതിനകം പൂരിപ്പിച്ചവർക്ക് അവരുടെ നിലവിലെ അപേക്ഷയുമായി മുന്നോട്ട് പോകാനോ, അല്ലെങ്കിൽ ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ പുതുക്കി പൂരിപ്പിക്കാനോ അവസരമുണ്ട്.

നിലവിലെ അപേക്ഷയിൽ ഉറച്ചുനിൽക്കുന്നവർക്ക് പഴയ കടലാസ് പാസ്‌പോർട്ടും, വിവരങ്ങൾ ഓൺലൈനിൽ വീണ്ടും പൂരിപ്പിക്കുന്നവർക്ക് ഇ-പാസ്‌പോർട്ടും ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top