ublnews.com

31-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ അഞ്ചിന് തുടക്കമാകും

ഷോപ്പിങ് പ്രേമികൾ കാത്തിരിക്കുന്ന 31-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഡിസംബർ അഞ്ചിന് തുടക്കമാകും. അടുത്ത വർഷം ജനുവരി 11 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ മെഗാ റാഫിൾ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ദിവസേനയുള്ള ആകർഷകമായ സമ്മാനങ്ങളാണ്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മെഗാ റാഫിൾ നറുക്കെടുപ്പിൽ ദിവസവും ഒരു ഭാഗ്യശാലിക്ക് ഒരു പുത്തൻ നിസ്സാൻ കാറും അതോടൊപ്പം ഒരു ലക്ഷം ദിർഹവും സമ്മാനമായി നേടാൻ അവസരമുണ്ട്. കൂടാതെ, ഫെസ്റ്റിവലിന്റെ അവസാന ദിവസം 4 ലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസായി ഒരാൾക്ക് നേടാനാകും.

ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം. ട്രാഫിക് ആൻഡ് വെഹിക്കിൾ റജിസ്ട്രേഷൻ സെന്ററുകൾ, ഇനോക് സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സർവീസ് ഔട്ട്ലെറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഓരോ ടിക്കറ്റും ദിവസേനയുള്ള നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. ഇതിലൂടെ നിസ്സാൻ പാത്ത്‌ഫൈൻഡർ, എക്‌സ്-ടെറ, എക്‌സ്-ട്രെയിൽ, കിക്ക്‌സ്, മാഗ്‌നൈറ്റ് എന്നീ മോഡലുകളിൽ ഏതെങ്കിലും ഒരു കാറും ഒരു ലക്ഷം ദിർഹവും സ്വന്തമാക്കാൻ അവസരം ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിൽ വിജയിക്കാത്ത ടിക്കറ്റുകൾക്ക് 2026 ജനുവരി 11ന് നടക്കുന്ന പ്രത്യേക ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇതിലെ വിജയിക്ക് 4 ലക്ഷം ദിർഹം സമ്മാനമായി ലഭിക്കും.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായി മെഗാ റാഫിൾ മാറിക്കഴിഞ്ഞുവെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. ഷോപ്പിങ് ഓഫറുകൾ, ലോകോത്തര വിനോദ പരിപാടികൾ, ആകർഷകമായ അനുഭവങ്ങൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ദുബായിയുടെ റീട്ടെയിൽ രംഗത്തെ മുന്നേറ്റമാണ് ഡിഎസ്എഫ് ഓരോ വർഷവും ആഘോഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top