ublnews.com

മാൾ ഓഫ് എമിറേറ്റ്സിലേക്ക് പുതിയ പാലം

മാജിദ് അൽ ഫുതൈമുമായി സഹകരിച്ച് ആർടിഎ ഷെയ്ഖ് സായിദ് റോഡിൽ 300 മീറ്ററിൽ നിർമിച്ച പുതിയ ഒറ്റവരി പാലം ഉദ്ഘാടനം ചെയ്തു. അബൂദബിയിൽ നിന്നും ജബൽ അലിയിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് മാൾ ഓഫ് ദി എമിറേറ്റ്‌സ് കാർ പാർക്കിങ്ങിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതാണ് പാലം.

മണിക്കൂറിൽ 900 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന പാലം മാളിലേക്കുള്ള പ്രവേശന കവാടങ്ങൾ, കവലകൾ, കാൽനടപ്പാതകൾ, സൈക്ലിംഗ് ട്രാക്കുകൾ എന്നിവയുൾപ്പെടെ ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ്.

റിയൽ എസ്റ്റേറ്റ് വികസന പങ്കാളികളുമായി സഹകരിച്ച്, പ്രോപർടി വികസനങ്ങൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും സേവനം നൽകുന്ന റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആർ‌.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും, ഗതാഗതം മെച്ചപ്പെടുത്തുകയും വിവിധ മേഖലകളിലുടനീളമുള്ള താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ആർ‌.ടി.എ എക്സിക്യൂട്ടിവ് ഡയരക്ടർ ബോർഡ് ചെയർമാനും ഡയരക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.

മാൾ ഓഫ് ദി എമിറേറ്റ്‌സ് കാർ പാർക്കുകളിലേക്ക് നേരിട്ട് പ്രവേശനം നൽകുക എന്നതിനോടൊപ്പം തന്നെ, ഉം സുഖീം ജംഗ്ഷനിലെ തെക്കോട്ടുള്ള റാംപ് വീതി കൂട്ടുകയും, ഉം സുഖീം സ്ട്രീറ്റിൽ നിന്ന് കാർ പാർക്കുകളിലേക്ക് നയിക്കുന്ന നിലവിലുള്ള പാലത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം മെച്ചപ്പെടുത്താൻ ജംഗ്ഷൻ തന്നെ നവീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

മാളിന് ചുറ്റുമുള്ള 2.5 കിലോ മീറ്റർ റോഡുകൾ ആർ.ടി.എ നവീകരിച്ചു. ആറ് സിഗ്നൽ കവലകൾ വികസിപ്പിച്ചു. മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷൻ പരിഷ്കരിച്ചു. കെംപിൻസ്കി ഹോട്ടലിനോട് ചേർന്നുള്ള റോഡ് ഇരു വശങ്ങളിലേക്കും ഗതാഗത യോഗ്യമാക്കി. കാൽനട യാത്രക്കാർക്കും സൈക്ലിംഗ് സൗകര്യങ്ങൾക്കും സൗകര്യം വർധിപ്പിച്ചു.

പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിക്കവേ, പുതിയ പാലം അബൂദബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ് ദി എമിറേറ്റ്‌സിലേക്ക് വരുന്ന വാഹനങ്ങളുടെ യാത്രാ സമയം 10 ​​മിനുട്ടിൽ നിന്ന് ഒരു മിനുട്ടായി കുറയ്ക്കുന്നുവെന്ന് അൽ തായർ പറഞ്ഞു. ഇത് ഗതാഗത കാര്യക്ഷമത വർധിപ്പിക്കുകയും, മാളിന് ചുറ്റുമുള്ള റോഡുകളിലെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡ് വരെ നീളുന്ന 6 കിലോമീറ്റർ ദൈർഘ്യമുള്ള ഉം സുഖീം സ്ട്രീറ്റ് മെച്ചപ്പെടുത്തൽ പദ്ധതിയും ആർ‌.ടി.എ പ്രഖ്യാപിച്ചു. തിരക്ക് കുറയ്ക്കുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ആറ് നവീകരിച്ച ജംഗ്ഷനുകൾ, നാല് പാലങ്ങൾ, രണ്ട് തുരങ്കങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top