
ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് 14 കോടി ദിര്‍ഹം പിടിച്ചെടുത്ത് യഥാര്‍ഥ ഉടമകള്‍ക്ക് തിരികെ നല്കി അബൂദബി പൊലീസ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളിലാണ് അബൂദബി പൊലീസ് പണം കബളിക്കപ്പെട്ടവര്ക്ക് തിരികെ കണ്ടെത്തി നല്‍കിയത്. ഇക്കാലയളവിൽ 15,642 സൈബര്‍ കുറ്റകൃത്യങ്ങളാണ് അബൂദബി പൊലീസ് കൈകാര്യം ചെയ്തത്. അബൂദബി പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രി. റാശിദ് ഖലഫ് അല്‍ ദാഹിരി, കമ്യൂണിറ്റി പൊലീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സെയ്ഫ് അലി അല്‍ ജാബ്രി, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്ത വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പുതുരീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനായി ‘ബീ കെയര്‍ഫുള്‍’ കാമ്പയിനിന്റെ പുതിയ പതിപ്പിനും അബൂദബി പൊലീസ് തുടക്കം കുറിച്ചു. ഡിജിറ്റല്‍ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും സര്‍ക്കാര്‍ ഇ-സേവനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് കാമ്പയിൻ.സൈബർ തട്ടിപ്പുകളുടെ പ്രധാന ഒമ്പത് രീതികളാണ് കാമ്പയിനിന്റെ ഭാഗമായി ബോധവത്കരിക്കുന്നത്.
ഫോണ്‍കാള്‍ തട്ടിപ്പുകള്‍, വ്യാജ ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ്, റിമോട്ട് ആക്സസ് സോഫ്റ്റ് വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലുള്ള പ്രശ്നങ്ങള്‍, വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍, സമൂഹ മാധ്യമങ്ങളില്‍ അജ്ഞാതരുടെ സൗഹൃദാഭ്യര്‍ഥനകള്‍, തെറ്റിദ്ധരിപ്പിക്കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വ്യാജ വസ്തു ഡീലുകള്‍, നിക്ഷേപതട്ടിപ്പുകള്‍ അടക്കമുള്ള സൈബര്‍ തട്ടിപ്പുകൾ ഇതിൽ ഉൾപ്പെടും. സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക, വർധിച്ചുവരുന്ന സങ്കീർണമായ സൈബർ ഭീഷണികളിൽനിന്ന് സ്വയം രക്ഷനേടാൻ താമസക്കാരെ ശാക്തീകരിക്കുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.