
മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 300 പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). സ്വകാര്യ, ക്ലാസിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള 81ാമത് ലേലത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. എ, ബി, ഐ, കെ, എൽ, എം, എൻ, ഒ, പി, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നിങ്ങനെ അക്ഷരങ്ങളിലുള്ള നമ്പറുകളാണ് ലേലത്തിനുള്ളത്.
നവംബർ മൂന്ന് മുതലാണ് ലേലം ആരംഭിക്കുക. അഞ്ചു ദിവസമാണ് ലേലം നീണ്ടുനിൽക്കുക. അപേക്ഷകർക്ക് ദുബൈയിൽ ആക്ടിവായ ട്രാഫിക് ഫയലുകൾ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന. വിൽപനയുടെ അഞ്ച് ശതമാനം വാറ്റും ഈടാക്കും.
ലേലത്തിൽ പങ്കെടുക്കുന്നതിന് 5000 ദിർഹം സെക്യൂരിറ്റ് ചെക്ക് നൽകണം. അതോടൊപ്പം റീഫണ്ട് ചെയ്യാത്ത 120 ദിർഹമും കെട്ടണം. ഉമ്മുറമൂൽ, അൽ ബർശ, ദേര എന്നിവിടങ്ങളിലെ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയും വെബ്സൈറ്റ് വഴി ഓൺലൈനായും ഫീസ് അടക്കാവുന്നതാണ്.