
ഷാർജയിൽ നിന്ന് ദുബായിലേയ്ക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . കിങ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹദ സ്ട്രീറ്റിലേയ്ക്ക് പോകുന്ന പ്രധാന എക്സിറ്റ് ഈ മാസം 11 വരെ താൽക്കാലികമായി എസ്ആർടിഎ അടച്ചിടുമെന്ന് അറിയിച്ചു. റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് നടപടി. മേഖലയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും നിർണായകമാണിതെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച മുതൽ 11 വരെയാണ് താൽക്കാലികമായ അടച്ചുപൂട്ടൽ . രാവിലെയും വൈകിട്ടുമുള്ള തിരക്കിട്ട സമയങ്ങളിൽ ദുബായിലേയ്ക്ക് പ്രവേശിക്കാനുള്ള പ്രധാന വഴിയാണിത്. ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന സുപ്രധാന റൂട്ടുകളിലൊന്ന് അടയ്ക്കുന്നത് ദിവസേന യാത്ര ചെയ്യുന്നവരെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
യാത്രാതടസ്സം ഒഴിവാക്കാൻ എല്ലാ ഡ്രൈവർമാരും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കാനും ആർടിഎ ആവശ്യപ്പെട്ടു. ഈ കാലയളവിൽ വാഹനമോടിക്കുന്നവരെ സഹായിക്കുന്നതിനായി സൈനേജുകളും ഓൺ-ഗ്രൗണ്ട് മാർഗനിർദ്ദേശങ്ങളും നൽകും. യാത്രക്കാർ കൂടുതൽ യാത്രാസമയം കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം. അധികൃതരുടെ നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.