
സന്നാഹ മത്സരത്തിൽ പുറത്തായതിനു പിന്നാലെ പ്രകോപിപ്പിക്കാൻ ശ്രമിച്ച മുംബൈ താരങ്ങൾക്കു നേരെ ബാറ്റുവീശി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. രഞ്ജി ട്രോഫി സീസണിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സെഞ്ചറി നേടി പുറത്തായപ്പോഴായിരുന്നു പൃഥ്വി ഷായ്ക്കെതിരെ മുംബൈ താരങ്ങളുടെ പരിഹാസം. മത്സരത്തിൽ 220 പന്തിൽ 181 റൺസടിച്ച താരത്തെ മുഷീർഖാനാണ് പുറത്താക്കിയത്. മൂന്നു സിക്സുകളും 21 ഫോറുകളും താരം ബൗണ്ടറി കടത്തി.
പുറത്തായി മടങ്ങുന്നതിനിടെ പരിഹസിച്ച മുംബൈ താരങ്ങൾക്കു നേരെ പൃഥ്വി ഷാ ബാറ്റു വീശുകയായിരുന്നു. മുംബൈ യുവതാരം മുഷീർ ഖാൻ പൃഥ്വി ഷായെ സ്‍ലെഡ്ജ് ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നു റിപ്പോർട്ടുണ്ട്. മുംബൈ താരങ്ങളുമായി ഏറെ നേരം തർക്കിച്ച പൃഥ്വി ഷായെ അംപയര്‍ ഇടപെട്ടാണ് സമാധാനിപ്പിച്ചത്. മുംബൈ താരങ്ങൾക്കെതിരെ അംപയറോടു പരാതി പറഞ്ഞ ശേഷം പൃഥ്വി ഷാ ഗ്രൗണ്ട് വിട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ സീസൺ വരെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്നു പൃഥ്വി ഷാ. ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെ താരത്തിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു. കൂടുതൽ അവസരങ്ങൾ തേടിയാണ് 25 വയസ്സുകാരൻ മഹാരാഷ്ട്ര ടീമിനൊപ്പം ചേർന്നത്. അടുത്ത രഞ്ജി സീസണിൽ പൃഥ്വി ഷാ മഹാരാഷ്ട്രയുടെ ഓപ്പണിങ് ബാറ്ററായി കളിക്കും.