
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം യൂത്ത് ടെസ്റ്റിൽ ഇന്ത്യ അണ്ടർ 19 ടീമിന് വമ്പൻ വിജയം. ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യ സ്വന്തമാക്കിയത്. 81 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യന്‍ യുവതാരങ്ങൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. ജയത്തോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. സ്കോർ– ഓസ്ട്രേലിയ: 135,116, ഇന്ത്യ: 171, 84-3.
രണ്ടാം ഇന്നിങ്സിലെ മറുപടി ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ വൈഭവ് സൂര്യവംശി പുറത്തായി. ചാൾസ് ലച്മുണ്ടിന്റെ പന്തിൽ ജൂലിയൻ ഒസ്ബേൺ ക്യാച്ചെടുത്താണു വൈഭവിനെ മടക്കിയത്. ആറ് പന്തിൽ 13 റൺസടിച്ച ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ കേസി ബാർടന്റെ പന്തിൽ ബോൾഡായി പുറത്തായി. വിഹാൻ മൽഹോത്ര 21 പന്തിൽ 21 റൺസെടുത്തും വീണു. എന്നാൽ വേദാന്ത് ത്രിവേദിയും (35 പന്തിൽ 33), രാഹുൽ കുമാറും (14 പന്തിൽ 13) നിലയുറപ്പിച്ചതോടെ 12.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി.