
വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ദക്ഷിണാഫ്രിക്ക. ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം 40.5 ഓവറില്‍ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. തസ്മിന് ബ്രിറ്റ്സ് സെഞ്ചുറിയോടെ തിളങ്ങി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ടീമിനായി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ലൗറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായി. 14 റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തസ്മിന് ബ്രിറ്റ്സും സ്യൂണ്‍ ല്യൂസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്കോറുയര്‍ത്തിയ ഇരുവരും ടീം സ്കോര്‍ 150-കടത്തി. ഒടുക്കം ഇരുവരും ചേര്‍ന്ന് 179 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
തസ്മിന് ബ്രിറ്റ്സ് സെഞ്ചുറിയോടെ തിളങ്ങി. 89 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് താരം മടങ്ങിയത്. 14 റണ്‍സ് മാത്രമെടുത്ത് മരിസാന്നെ ക്യാപ് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 207-3 എന്ന നിലയിലായി. എന്നാല്‍ ല്യൂസും(81) സിനാലോ ജാഫ്തയും(6) ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു.