
കാര്യവട്ടം സ്റ്റേഡിയത്തിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ പെൺപടയുടെ മിന്നും പ്രകടനം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് ജയവുമായി ഇന്ത്യക്ക് പരമ്പര നേട്ടം.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കൻ വനിതകൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽ അവസാനിച്ചപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യവെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 13.2ഓവറിൽ വിജയം കുറിച്ചു. ഓപണർ ഷെഫാലി വർമ 42 പന്തിൽ 79 റൺസുമായി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് മികവിൽ ആധികാരികമായിരുന്നു ഇന്ത്യൻ പെൺപടയുടെ വിജയം. സ്മൃതി മന്ദാനയുടെയും (1), ജെമീമ റോഡ്രിഗസിന്റെയും (9) വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലോകകപ്പിലെ ഹീറോകളായ സ്മൃതിയും ജെമീമയും ഒറ്റയക്കത്തിൽ പുറത്തായെങ്കിലും ഷെഫാലിയുടെ ഓപണിങ് വെടിക്കെട്ട് ടീമിന് വിജയം സമ്മാനിക്കുന്നത് വരെ തുടർന്നു. 11 ബൗണ്ടറികളും മൂന്ന് സിക്സറുമാണ് ഇവരുടെ ബാറ്റിൽ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിന്റെ നാനാദിക്കിലേക്കുമായി പറന്നത്.