
ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ. 88 റൺസിനാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്തു പുറത്തായി. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ക്രാന്തി ഗൗഡും ദീപ്തി ശർമയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി.
141 പന്തിൽ 314, അടിച്ചുകൂട്ടിയത് 35 സിക്സറുകൾ; 50 ഓവർ ക്രിക്കറ്റിൽ ആദ്യ ‘ട്രിപ്പിൾ സെഞ്ചറി’: ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ സിദ്ര അമീന് മാത്രമാണ് പാക്ക് നിരയിൽ തിളങ്ങാൻ സാധിച്ചത്. 106 പന്തുകൾ നേരിട്ട സിദ്ര 81 റൺസെടുത്തു പുറത്തായി. 46 പന്തുകളിൽനിന്ന് നതാലിയ പർവേസ് 33 റൺസടിച്ചു. ക്യാപ്റ്റൻ ഫാത്തിമ സന ഉൾപ്പടെ ആറ് പാക്കിസ്ഥാൻ താരങ്ങൾ രണ്ടക്കം കടക്കാതെ മടങ്ങി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതാണ്. രണ്ടു കളികളും തോറ്റ പാക്കിസ്ഥാൻ ആറാമതാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺസെടുത്തു പുറത്തായിരുന്നു. 65 പന്തിൽ 46 റൺസടിച്ച ഹർലീന്‍ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 20 പന്തിൽ 35 റൺസെടുത്ത റിച്ച ഘോഷ് പുറത്താകാതെനിന്നു. ജെമീമ റോഡ്രിഗസ് (37 പന്തിൽ 32), പ്രതിക റാവൽ (37 പന്തിൽ 31), സ്മൃതി മന്ഥന (32 പന്തിൽ 23), സ്നേഹ് റാണ (23 പന്തിൽ 20), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാര്‍. ഭേദപ്പെട്ട തുടക്കമാണ് പ്രതികയും സ്മൃതിയും ചേർന്ന് ഇന്ത്യയ്ക്കു നൽകിയത്.