ublnews.com

അണ്ടര്‍-19 ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരേ 315 റണ്‍സ് ജയവുമായി ഇന്ത്യ

അണ്ടര്‍-19 ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. 315 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 409 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മലേഷ്യ 93 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി അഭിഗ്യാന്‍ കുണ്‍ഡു ഇരട്ട സെഞ്ചുറിയും ദീപേഷ് ദേവേന്ദ്രന്‍ അഞ്ചുവിക്കറ്റുമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. നാലുതാരങ്ങള്‍ മാത്രമാണ് മലേഷ്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. 35 റണ്‍സെടുത്ത ഹംസ പംഗിയാണ് ടോപ് സ്‌കോറര്‍. 32.1 ഓവറില്‍ 93 റണ്‍സിന് ടീം ഓള്‍ഔട്ടായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ അഞ്ചുവിക്കറ്റെടുത്തപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ടുവിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് വൈഭവ് സൂര്യവംശി സമ്മാനിച്ചത്. മലേഷ്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ച വൈഭവ് 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ചു ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്‍ഡു എന്നിവരുടെ കൂട്ടുകെട്ടാണ് പിന്നീട് ഇന്ത്യക്ക് കരുത്തായത്. 87-3 എന്ന നിലയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 296 ലെത്തിച്ചു. 209 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയത്.

വേദാന്ത് ത്രിവേദിയുമായി ചേര്‍ന്ന് 181 പന്തില്‍ 209 റണ്‍സും, കനിഷ്‌ക് ചൗഹാനുമായി ചേര്‍ന്ന് 36 പന്തില്‍ നിന്ന് 87 റണ്‍സും അഭിഗ്യാന്‍ കൂട്ടിച്ചേര്‍ത്തു. ത്രിവേദി 90 റണ്‍സെടുത്ത് പുറത്തായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ അഭിഗ്യാന്‍ സെഞ്ചുറിയും കടന്ന് ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ചു. അതോടെ ടീം സ്‌കോര്‍ അമ്പത് ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 408 ലെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top