
സ്പാനിഷ് ലാ ലിഗയിൽ തുടർ തോൽവികളും, യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ വൻ തോൽവിയുമായി നാണക്കേടിലായ റയൽ മഡ്രിഡിന് ആശ്വാസമായി ഒരു ജയം. ലാ ലിഗയിൽ കഴിഞ്ഞ രാത്രിയിൽ അലാവസിനെതിരെ ബൂട്ടുകെട്ടിയ റയൽ മഡ്രിഡ് കിലിയൻ എംബാപ്പെയുടെയും റോഡ്രിഗോയുടെയും ഗോളിലൂടെ 2-1ന് വിജയം സ്വന്തമാക്കി. നവംബർ 11ന് ലിവർപൂളിനോട് തോറ്റതിനു പിന്നാലെ, ലാ ലിഗയിൽ മൂന്ന് സമനിലയും സെൽറ്റക്കെതിരെ നാണംകെട്ട തോൽവിയും വഴങ്ങിയ റയൽ മഡ്രിഡ് കഴിഞ്ഞ എട്ടു മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് സ്വന്തമായത്. സമനിലകളും തോൽവിയുമായി പോയന്റ് പട്ടികയിൽ ഒന്നാമതുള്ള റയലുമായി വലിയ വ്യത്യാസം വന്നതോടെ കോച്ച് സാബി അലോൻസോക്കെതിരെയും ആരാധകരും മാനേജ്മെന്റും തിരിഞ്ഞു. കോച്ചിന്റെ കസേര തെറിക്കുമെന്നുള്ള വാർത്തകൾക്കിടെയാണ് ആത്മവിശ്വാസം നിറക്കുന്ന വിജയം പിറന്നത്.