
ഇന്ത്യന്‍ ടീമിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാനെത്തിയ സിലക്ഷൻ കമ്മിറ്റി അംഗം പ്രഖ്യാൻ ഓജയുമായി നീണ്ട ചർച്ച നടത്തി സൂപ്പർ താരം വിരാട് കോലി. കോലിയും ഓജയും വിമാനത്താവളത്തിൽ ഇരുന്ന് ദീർഘനേരം സംസാരിക്കുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ വൈറലായത്. സൂപ്പർ താരങ്ങളായ കോലിയും രോഹിത് ശർമയും ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങൾക്ക് അയവു വരുത്തുകയെന്നതാണ് ഓജയ്ക്ക് ബിസിസിഐ നൽകിയ ദൗത്യം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പുരിലെത്തിയ ഓജ പരിശീലകന് ഗൗതം ഗംഭീറുമായും രോഹിത് ശര്‍മയുമായും സംസാരിച്ചിരുന്നു. ഒന്നാം ഏകദിനത്തിനിടെ ഗംഭീറുമായി രൂക്ഷഭാഷയിൽ സംസാരിച്ച രോഹിത്, തുടർന്നും ഗംഭീറുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ വിരാട് കോലി ഗംഭീറുമായി അത്ര രസത്തിലല്ലെന്ന സൂചനയാണു പുറത്തുവരുന്നത്.
ചൊവ്വാഴ്ച പരിശീലനത്തിനു ശേഷവും ഗ്രൗണ്ടിലുണ്ടായിരുന്ന ഗംഭീറിന്റെ മുഖത്തു നോക്കാതെ കോലി ഡ്രസിങ് റൂമിലേക്കു കയറിപ്പോകുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടരുകയാണെന്നു വ്യക്തമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും സൂപ്പർ താരങ്ങൾ ഇന്ത്യൻ പ്ലേയിങ് ഇലവനിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാന്‍ തയാറാണെന്ന് സൂപ്പർ താരങ്ങൾ അറിയിച്ചതോടെ, പരിശീലകനുമായുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.