
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു വമ്പൻ തോൽവി. 73 റൺസ് വിജയമാണ് രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ അടി പതറുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തപ്പോള്‍, മറുപടിയിൽ ഇന്ത്യ എ ടീം 49.1 ഓവറിൽ 252 റൺസടിച്ച് ഓള്‍ഔട്ടായി.
അര്‍ധ സെഞ്ചറി നേടിയ ആയുഷ് ബദോനി (66 പന്തിൽ 66), ഇഷാൻ കിഷന്‍ (67 പന്തിൽ 53) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങിയെങ്കിലും വലിയ വിജയലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഋതുരാജ് ഗെയ്ക്‌വാദ് (30 പന്തിൽ 25), മാനവ് സുതർ (33 പന്തിൽ 23), പ്രസിദ്ധ് കൃഷ്ണ (28 പന്തിൽ 23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 57 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ തിലക് വര്‍മയുടേതുൾപ്പടെ മൂന്നു വിക്കറ്റുകൾ നഷ്ടമായത് മത്സരത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി. 98 പന്തുകളിൽ 88 റൺസ് കൂട്ടിച്ചേർത്ത ഇഷാൻ കിഷൻ– ആയുഷ് ബദോനി കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ കരുത്തായത്. 210 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദാണു പരമ്പരയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. ഓപ്പണർമാരായ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് (98 പന്തിൽ 123), റിവാൾഡോ മൂൺസാമി (130 പന്തിൽ 107) എന്നിവരുടെ സെഞ്ചറിയാണ് സന്ദർശകരെ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.