ublnews.com

രോഹിത് ശർമയും വിരാട് കോലിയും ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന മുന്നറിയിപ്പുമായി ബിസിസിഐ

ദേശീയ ടീമിലേക്കുള്ള സിലക്ഷനു പരിഗണിക്കണമെങ്കിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന മുന്നറിയിപ്പുമായി ബിസിസിഐ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിതും കോലിയും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണു കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെ ടീമിനൊപ്പം തുടരാൻ ഇരുവരും ആഗ്രഹിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്കുവേണ്ടി ഫിറ്റ്നസ് നിലനിര്‍ത്താൻ രോഹിത് ശർമ ശരീര ഭാരം 11 കിലോയോളം കുറച്ചിരുന്നു.

ബിസിസിഐയുടെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ രണ്ടു താരങ്ങളും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടിവരും. വിജയ് ഹസാരെയിൽ കളിക്കാമെന്ന് രോഹിത് ശർമ ഇതിനകം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാൽ വിരാട് കോലി നിലപാടു വ്യക്തമാക്കിയിട്ടില്ല. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ആഭ്യന്തര ടൂർണമെന്റ് കളിക്കുന്നതിനായി കോലി ഇന്ത്യയിൽ തന്നെ തുടരുമോയെന്നു വ്യക്തമല്ല.

രണ്ടു താരങ്ങളെയും മാച്ച് ഫിറ്റാക്കി നിർത്തുകയെന്ന ലക്ഷ്യവും ബിസിസിഐ നിർദേശത്തിനു പിന്നിലുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ കോലിയും രോഹിതും രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നു. വിജയ് ഹസാരെയ്ക്കു പുറമേ, ആവശ്യമെങ്കിൽ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലും കളിക്കാൻ രോഹിത് ശർമ താൽപര്യം അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top