ublnews.com

വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം

വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം. 140 റൺസിനും ഇന്നിങ്സിനും ഇന്ത്യ വിൻഡീസിനെ തകർത്തെറിഞ്ഞു. രണ്ട് ഇന്നിങ്സിലും ദയനീയമായി തകർന്നടിഞ്ഞ സന്ദർശകർ അഹമ്മദാബാദിൽ വൻ പരാജയം ഏറ്റുവാങ്ങി. ആദ്യ ഇന്നിങ്സിൽ 162 റൺസിന് പുറത്തായ വിൻഡീസ് രണ്ടാമിന്നിങ്സിൽ 146 റൺസിന് പുറത്തായി. 286 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ 448-5 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

രണ്ടാമിന്നിങ്‌സില്‍ തകർച്ചയോടെയായിരുന്നു വിൻഡീസിന്റെ ബാറ്റിങ്. മുൻനിര ബാറ്റർമാർക്കൊന്നും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. തേജ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റാണ് സന്ദർശകർക്ക് ആദ്യം നഷ്ടമായത്.മുഹമ്മദ് സിറാജിന്റെ പന്തില്‍ നിതീഷ് റെഡ്ഡിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്താവുന്നത്. പിന്നാലെ ജോണ്‍ ക്യാമ്പെല്‍ 14 റണ്‍സെടുത്ത് മടങ്ങി. പിന്നീട് സ്പിന്നര്‍മാര്‍ കളം വാഴുന്നതാണ് അഹമ്മദാബാദില്‍ കണ്ടത്. ബ്രാന്‍ഡന്‍ കിങ്(5), റോസ്റ്റണ്‍ ചേസ്(1), ഷായ് ഹോപ്(1) എന്നിവര്‍ നിരാശപ്പെടുത്തി. അതോടെ ടീം 46-5 എന്ന നിലയിലേക്ക് വീണു.

പിന്നീട് അലിക് അതാനസെയും ജസ്റ്റിന്‍ ഗ്രീവ്‌സും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് അല്‍പ്പം ആശ്വാസമായത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ ജയത്തിലേക്ക് കുതിച്ചു. അതാനസെ 38 റണ്‍സും ജസ്റ്റിന്‍ ഗ്രീവ്‌സ് 25 റണ്‍സുമെടുത്താണ് പുറത്തായത്. അതോടെ വിന്‍ഡീസ് 98-7 എന്ന നിലയിലായി. പിന്നാലെ ജോമല്‍ വറിക്കാന്‍ ഡക്കായി മടങ്ങി. ജൊഹാന്‍ ലയ്‌നെ(14), ജെയ്ഡന്‍ സീല്‍സ്(22) എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു.

മൂന്നാം ദിനം കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറികളാണ് രണ്ടാം ദിനം ഇന്ത്യക്ക് കരുത്തായത്. 121-ന് ഒന്ന് എന്ന നിലയില്‍ രണ്ടാംദിനം കളി തുടര്‍ന്ന ഇന്ത്യയ്ക്കായി രാഹുലും ഗില്ലും മികച്ച കൂട്ടുകെട്ട് പടുത്തു. രാഹുലും ഗില്ലും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഗിൽ അർധസെഞ്ചുറിയോടെ തിളങ്ങി. 100 പന്തുകളില്‍നിന്നാണ് ഗില്ലിന്റെ അര്‍ധസെഞ്ചുറി. സെഞ്ചുറിയോടെ രാഹുലും തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ 218-ലെത്തി. കെ.എല്‍. രാഹുല്‍ 190 പന്തുകള്‍ നേരിട്ട് സെഞ്ചുറി (100) നേടി. 12 ഫോറുകള്‍ നിറഞ്ഞതാണ് ഇന്നിങ്സ്. ടെസ്റ്റിലെ രാഹുലിന്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top