ublnews.com

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‍ലിം അംഗമാണ് അസ്ഹറുദ്ദീൻ. തന്നെ മന്ത്രിസഭയിൽ അംഗമാക്കിയതിൽ അസ്ഹറുദ്ദീൻ എഐസിസിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു.

രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിനു ശേഷം ഇതു രണ്ടാം തവണയാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നവംബർ 11 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ നിർണായക നീക്കം. മണ്ഡലത്തിൽ 30% മുസ്‍ലിം വോട്ടർമാരാണുള്ളത്. എന്നാൽ ഉപതിരഞ്ഞെടുപ്പുമായി മന്ത്രിസ്ഥാനത്തിന് ബന്ധമില്ലെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. അതേസമയം, സർക്കാരിന്റേത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. പുതിയ മന്ത്രിയെ ഉൾപ്പെടുത്തിയത് വോട്ടർമാരെ സ്വാധീനിക്കുന്നതിനു കാരണമാകുമെന്നും ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ബിജെപി അറിയിച്ചു.

എന്നാൽ ന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ കോണ്‍ഗ്രസ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അസ്ഹറുദ്ദീനെ മന്ത്രിയാക്കിയതിലൂടെ വളരെക്കാലമായി നിലനിൽക്കുന്ന ഒരു അസന്തുലിതാവസ്ഥ തിരുത്തുകയാണെന്നും തെലങ്കാനയിലെ കോൺഗ്രസ് നേതാവ് മഹേഷ് ഗൗഡ പറഞ്ഞു. അതേസമയം, ന്യൂനപക്ഷ ക്ഷേമ വകുപ്പോ കായിക വകുപ്പോ ആയിരിക്കാം അസ്ഹറുദ്ദീന് നൽകുക എന്നാണ് അഭ്യൂഹം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top