ublnews.com

ഫുട്ബോൾ ലോകകപ്പ് ടിക്കറ്റിന് പൊള്ളും വില

2022 ഖത്തർ ലോകകപ്പിന് നിസ്സാര വിലക്ക് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയതിന്റെ ഓർമയിൽ 2026 ലോകകപ്പ് ടിക്കറ്റെടുക്കാൻ ഒരുങ്ങേണ്ട.​ പോക്കറ്റ് കീറുക മാത്രമല്ല, കുടുംബവും പാപ്പരാകുന്ന വിധം ടിക്കറ്റ് വില ഉയർന്നുവെന്ന പരാതിയുമായി ഫുട്ബാൾ ആരാധക ലോകം.

​അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോൾ, സ്വരുക്കൂട്ടിയ സമ്പാദ്യമൊന്നും മതിയാകുന്നില്ലെന്നതാണ് ആരാധക പരിഭവം.

ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സമ്മാനിച്ച 2022 ഖത്തർ ലോകകപ്പുമായാണ് ആരാധകർ 2026 ലോകകപ്പ് ടിക്കറ്റ് നിരക്കിനെ താരതമ്യം ചെയ്യുന്നത്. ഖത്തറിൽ ഗ്രൂപ്പ് റൗണ്ടിലെ കാറ്റഗറി നാല് ടിക്കറ്റിന് 40 റിയാലായിരുന്നു വില (11 ഡോളർ, ഏകദേശം 970 രൂപ). ചില്ലറ കാശിന് ഇന്ത്യക്കാർ ഉൾപ്പെടെ രാജ്യക്കാർക്കാർക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ അവസരമൊരുങ്ങിയെങ്കിൽ, ഇത്തവണ അമേരിക്കൻ ലോകകപ്പിന് അതേഗ്രൂപ്പ് റൗണ്ടിലെ മത്സരം കാണാൻ മുട​ക്കേണ്ടത് 100 ഡോളർ. ഏകദേശം 8870 രൂപ. ഗാലറിയിൽ പരിമിതമായി മാത്രം നീക്കിവെക്കുന്ന കാറ്റഗറി നാല് ടിക്കറ്റിന്റെ നിരക്കാണിത്. അതേസമയം, സാധരണക്കാരായ കൂടുതൽ കാണികളും ആവശ്യപ്പെടുന്നതും ഈ ടിക്കറ്റു തന്നെ. ഇതേ മത്സരങ്ങൾക്ക് കാറ്റഗറി മൂന്നിന് 150 ഡോളർ (13,000 രൂപ), കാറ്റഗറി രണ്ടിന് 430 ഡോളർ (38,000 രൂപ), കാറ്റഗറി ഒന്നിന് 575 ഡോളർ (51,000 രൂപ) എന്നിങ്ങനെയാണ് നിരക്ക്.

ഖത്തർ ലോകകപ്പിൽ ഇതേ മത്സരങ്ങളിൽ കാറ്റഗറി മൂന്നിന് 69 ഡോളർ (6100 രൂപ), കാറ്റഗറി രണ്ടിന് 165 ഡോളറും (14,600 രൂപ), കാറ്റഗറി ഒന്നിന് 220 ഡോളർ (19,500 രൂപ) എന്നിങ്ങനെയായിരുന്നു നിരക്ക്.

ഉദ്ഘാടന മത്സരം മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് പത്തു മടങ്ങയാണ് വർധനയുണ്ടായത്. 2022 ഖത്തർ ലോകകപ്പ് ഉദ്ഘാടന മത്സരത്തിലെ കാറ്റഗറി നാലിന് 55 ഡോളർ (4850 രൂപ) ആയിരുന്നു വിലയെങ്കിൽ, ഇത്തവണ അതേ ടിക്കറ്റിന് 560 ഡോളർ (49,600 രൂപ) ആണ് വില. അർജന്റീന, ബ്രസീൽ, യൂറോപ്യൻ- ഏഷ്യൻരാജ്യങ്ങളിലെ വരെ സാധാരണക്കാരായ ഫുട്ബാൾ പ്രേമികൾ സ്വന്തമാക്കുന്ന കാറ്റഗറി നാലിനാണ് അഞ്ച് മുതൽ പത്തിരട്ടി വരെ ഉയർത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top