ublnews.com

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 518 റൺസിൽ ഡിക്ലയർ ചെയ്തു

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് 518 റൺസിൽ ഡിക്ലയർ ചെയ്തു. ഓപണർ യശസ്വി ജയ്സ്വാളിനു പുറമെ നായകൻ ശുഭ്മൻ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ അനായാസം 500 പിന്നിടുകയായിരുന്നു. ധ്രുവ് ജുറേൽ പുറത്തായതിനു പിന്നാലെ അഞ്ചിന് 518 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിക്കുകയായിരുന്നു. വിൻഡീസിനായി ജോമൽ വാരികൻ മൂന്ന് വിക്കറ്റ് നേടി.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ സ്കോറിനൊപ്പം രണ്ട് റൺസ് മാത്രം ചേർത്ത താരം അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞു. ഇരട്ട സെഞ്ച്വറി നേടാനുള്ള അസുലഭാവസരം ജയ്സ്വാൾ നഷ്ടപ്പെടുത്തി. 258 പന്തിൽ 22 ബൗണ്ടറികളുടെ അകമ്പടിയോടെ 175 റൺസ് നേടിയാണ് താരം പുറത്തായത്.

നയകന് മികച്ച പിന്തുണ നൽകിയ നിതാഷ് കുമാർ റെഡ്ഡി 54 പന്തിൽ 43 റൺസ് നേടി. ഇടയ്ക്ക് വമ്പൻ ഷോട്ടുകൾ പുറത്തെടുത്ത താരത്തിന്‍റെ ബാറ്റിൽനിന്ന് രണ്ട് സിക്സും നാല് ഫോറും പിറന്നു. വാരികന്‍റെ പന്തിൽ ജെയ്ഡൻ സീൽസിന് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേൽ അഞ്ചാം വിക്കറ്റിൽ നായകനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. അർധ സെഞ്ച്വറിക്ക് ആറ് റൺസകലെ ജുറേലിനെ റോസ്റ്റൺ ചേസ് എറിഞ്ഞിട്ടു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top