
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ഉർഗുണിൽ നിന്നെത്തിയതാണ് ഇവരെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു. ഇവരെക്കൂടാതെ മറ്റ് അഞ്ചു പേരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഒരു ഒത്തുചേരൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് താരങ്ങളുടെ ദാരുണാന്ത്യം.
ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനും ശ്രീലങ്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. നവംബർ 17 മുതൽ 29 വരെ ലഹോറിലും റാവൽപിണ്ടിയിലും വച്ചായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുശോചനം രേഖപ്പെടുത്തി. ‘‘പാക്കിസ്ഥാൻ ഭരണകൂടം നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ട പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിലെ ധീരരായ ക്രിക്കറ്റ് കളിക്കാരുടെ രക്തസാക്ഷിത്വത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ’’– എക്സിലെ പോസ്റ്റിൽ എബിസി പറഞ്ഞു.